ടെഹ്റാൻ: ലോകത്തിലെ ഏറ്റവും നാറ്റമുളള മനുഷ്യനെ കാണണമെങ്കിൽ നേരേ ഇറാനിലേക്ക് വണ്ടികേറിക്കോളൂ. ഇറാനിലെ ഡെജ്ഗാ ഗ്രാമത്തിലെ അമോ ഹാജി എന്ന 87കാരനാണ് നാറ്റത്തിന്റെ ലോകചക്രവർത്തി. ഇയാൾ കുളിച്ചിട്ട് വർഷം 67 കഴിഞ്ഞു. അടുത്തേക്കെങ്ങാനും പോകാൻ ശ്രമിച്ചാൽ നാറ്റംകൊണ്ട് ബോധംകെടുമെന്നുറപ്പ്. വിസർജനത്തിനുശേഷം വൃത്തിയാക്കാൻപോലും ഇയാൾ വെളളം ഉപയോഗിക്കാറില്ലത്രേ.
രോഗംവരുമെന്ന പേടിയിലാണ് അമോ ഹാജി കുളി ഉപേക്ഷിച്ചത്. കുളി എന്നെന്നേക്കുമായി ഉപേക്ഷിച്ചതിനുശേഷം ഒരു ചെറിയരോഗം പോലും തനിക്ക് വന്നിട്ടില്ലെന്നാണ് അയാൾ പറയുന്നത്. കുളി ഉപേക്ഷിച്ചെന്ന് മാത്രമല്ല ദേഹം വൃത്തിയാക്കലും ഇല്ല. നേരിട്ടുകണ്ടാൽ നൂറ്റാണ്ടുകൾ പഴക്കമുളള ഒരു പ്രതിമപോലിരിക്കും. ശരീരത്തിലാകെ അഴുക്കുകളുടെ പല പാളികൾ കാണാം.
അമോ ഹാജിയുടെ ആഹാരത്തിനും ഉണ്ട് ചില പ്രത്യേകതകൾ. മൃഗങ്ങളുടെ ചീഞ്ഞമാംസമാണ് ഏറെ ഇഷ്ടം. പ്രത്യേകിച്ച് കാട്ടുജീവികളുടെ ഇറച്ചി. പുകവലിയും ഏറെ ഇഷ്ടമാണ്. പക്ഷേ, പൈപ്പിൽ പുകയിലയ്ക്കുപകരം ഉപയോഗിക്കുന്നത് മൃഗങ്ങളുടെ വിസർജ്യങ്ങളും മറ്റുമാണ്. വിസർജ്യങ്ങൾ ഉപയോഗിച്ചുളള പുകവലിക്ക് മാരകലഹരിയാണെന്നാണ് അമോ ഹാജി പറയുന്നത്. കുളിക്കുന്ന കാര്യത്തിൽ വെളളത്തോട് അലർജിയുണ്ടെങ്കിലും ദിവസവും അഞ്ചുലിറ്റർ വെളളം കുടിക്കണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അമോഹാജി ഒരുക്കമല്ല. തുരുമ്പിച്ച ഒരു പഴയ ഇരുമ്പുക്യാനിൽ പോകുന്നിടത്തൊക്കെ വെളളവും കൊണ്ടുപോകും. അഴുക്കിൽ മുങ്ങിയ കീറിപ്പറിഞ്ഞ വസ്ത്രമാണ് സ്ഥിരമായി ധരിക്കുന്നത്. ഒപ്പം പണ്ടത്തെ ഭടന്മാർ ഉപയോഗിക്കുന്നതുപോലുളള ഒരു ഹെൽമറ്റും. തലയെ തണുപ്പിൽ നിന്ന് സംരക്ഷിക്കാനാണ് ഹെൽമറ്റ് സ്ഥിരമാക്കിയതെന്നാണ് അമോ ഹാജി പറയുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കിടെ കണ്ണാടിനോക്കണമെന്ന കാര്യത്തിൽ അമോ ഹാജിക്ക് നിർബന്ധമുണ്ട്. താടിയും മുടിയും ഒത്തിരി വളർന്നോ എന്ന് അറിയുന്നത് കണ്ണാടി നോക്കിയാണ്. ഇതിനായി കണ്ണാടി സ്വന്തമായി വാങ്ങിയെന്ന് കരുതിയെങ്കിൽ തെറ്റി. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കണ്ണാടികളിലാണ് അമോഹാജി മുഖംനോക്കുന്നത്. താടിയും മുടിയുമൊക്കെ ഒരുപാട് വളർന്നെന്നു കണ്ടാലുടൻ അതൊക്കെ മുറിച്ച് സുന്ദരനാകും. തീ ഉപയോഗിച്ചാണ് താടിയും മുടിയുമൊക്കെ മുറിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലത്ത് പ്രത്യേകം നിർമ്മിച്ച കുഴികളിലാണ് അമോഹാജിയുടെ താമസം. വളരെ ചെറുപ്പത്തിൽത്തന്നെ ബന്ധുക്കളുമായി അകന്നു, അതിനുശേഷം അവരുമായി ഒരുതരത്തിലുളള ബന്ധവും ഉണ്ടാക്കാൻ ശ്രമിച്ചിട്ടേ ഇല്ല. ബന്ധുക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. വൈകാരിമായ ചില പ്രശ്നങ്ങളുടെ പേരിൽ വിവാഹവും വേണ്ടെന്നുവച്ചു. അങ്ങനെ കുളിയും നനയുമൊക്കെ ഉപേക്ഷിച്ച് സ്വസ്ഥമായി കഴിയുകയാണ് അമോഹാജി ഇപ്പോൾ.