പാലക്കാട്:വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡനത്തിന് പി ന്നാലെ ദുരൂഹമായി മരിച്ച കേസിൽ രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വാളയാർ പാമ്പാംപള്ളം കല്ലങ്കാട് വി.മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് (പോക്സോ കോടതി) ജഡ്ജി എസ്.മുരളീകൃഷ്ണ റിമാൻഡ് ചെയ്തത്. മറ്റൊരു പ്രതി വാളയാർ എം.മധു ഹൈക്കോടതിയിൽ നിന്ന് നേടിയ ജാമ്യം തുടരുമെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു പ്രതിയായ പ്രദീപ് കുമാർ ആത്മഹത്യ ചെയ്തിരുന്നു.
ഈ മാസം ആറിന് വിചാരണക്കോടതി വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പ്രതികൾ ഇന്നലെ വിചാരണകോടതിയിൽ ഹാജരായത്. പുതിയ തെളിവുകൾ ശേഖരിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാമെന്നും വാദിച്ചു.
അന്വേഷണ സംഘത്തിന്റെ തുടരന്വേഷണ അപേക്ഷയും പ്രതികളുടെ ജാമ്യഹർജിയും കോടതി 22ന് പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുബ്രഹ്മണ്യം ഹാജരായി. എം.മധുവിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, തുടരന്വേഷണത്തിനായി സർക്കാർ കഴിഞ്ഞദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. റെയിൽവേ എസ്.പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി എ.എസ്.രാജു, കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ എം.ഹേമലത എന്നവരാണ് സംഘത്തിൽ.