തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ വനിത ഡോക്ടറെ കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയ ബീഹാർ സ്വദേശിയെ സിറ്റി സൈബർ ക്രൈം പൊലീസ് ന്യൂഡൽഹിയിൽ നിന്നും പിടികൂടി. ബീഹാർ സ്വദേശി നിർമ്മൽ കുമാറാണ് അറസ്റ്റിലായത്. അത്യാധുനിക സൗകര്യമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനെന്ന വ്യാജേനയാണ് കബിളിപ്പിക്കപ്പെട്ട യുവതിയെ ഇവർ സമൂഹമാദ്ധ്യമത്തിലൂടെ സമീപിച്ചത്. യുവതിയുമായി അടുപ്പം സ്ഥാപിച്ച് അവരുടെ രേഖകൾ കൈക്കലാക്കുകയും പണം തട്ടുകയുമായിരുന്നു. പല തവണയായാണ് പണം തട്ടിയെടുത്തത്. പണം നൽകുമ്പോൾ റസീപ്റ്റുകളും നൽകിയിരുന്നു. ഒടുവിൽ പണം നൽകിയിട്ട് ഇവരെക്കുറിച്ച് കൃത്യമായവിവരം ലഭിച്ചിരുന്നില്ല. സംശയം തോന്നിയ യുവതി സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ ന്യൂഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് മനസിലായത്. തുടർന്ന് ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഗോവ സ്വദേശിയായ യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിൽ നിന്ന് വ്യാജ സിം കാർഡുകളും 100ലധികം ക്രെഡിറ്റ് കാർഡുകളും പി.ഒ.എസ് മെഷീനുകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയൽ ഹാജരാക്കിയ പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും സൈബർ പൊലീസ് പറഞ്ഞു.