ഇരവിപുരം: ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് മയ്യനാട് സ്വദേശിയിൽ നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെ മൂന്നുവർത്തെ അന്വേഷണത്തിനൊടുവിൽ ചെന്നൈയിൽ നിന്ന് തമിഴ്നാട് പൊലീസിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ അമിഞ്ചികരയ് ഫോർത്ത് സ്ട്രീറ്റിൽ 276/പൊന്നിത്തോട്ടത്തിൽ വിനോദാണ് (28) അറസ്റ്റിലായത്. 2017 ഏപ്രിൽ 3ന് മയ്യനാട് വലിയവിള എം.എൻ.ആർ.എ 488 പുത്തൻ വയലിൽ വിഷ്ണുവിന്റെ പക്കൽ നിന്നാണ് ആറുലക്ഷം രൂപ തട്ടിയെടുത്തത്. ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ വാങ്ങിയ ശേഷം നടക്കാതെ വന്നപ്പോൾ കാനഡയിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് രണ്ടുതവണയായി നാലര ലക്ഷം രൂപ കൂടി വാങ്ങിയശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
വിഷ്ണുവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് തെരച്ചിൽ നടത്തിവരവെ ചെന്നൈയിലെ ഒളിത്താവളം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന് രഹസ്യവിവരം ലഭിച്ചു. കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഇരവിപുരം പൊലീസ് ചെന്നൈയിൽ ക്യാമ്പ് ചെയ്ത് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇയാൾക്കെതിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ഷെമീർ, സൂരജ്, ജി.എസ്.ഐമാരായ വിനോദ്, അജിത്, സി.പി.ഒമാരായ ദീപു, സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.