ന്യൂഡൽഹി: കൊവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ അതിസമ്പന്നരും പാവപ്പെട്ടവരും തമ്മിലെ സാമ്പത്തിക അന്തരം വർദ്ധിച്ചതായി പഠന റിപ്പോർട്ട്. നിത്യതൊഴിൽ ചെയ്ത് ജീവിച്ചിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ജോലിയും വരുമാനവും നഷ്ടമായെന്നും പ്രാഥമികമായ ആരോഗ്യകാര്യങ്ങൾക്കു പോലും വഴിയില്ലാതെ നാളുകളോളം വിഷമിച്ചെന്നും എന്നാൽ അതിസമ്പന്നർക്ക് 35 ശതമാനം അധിക വരുമാനം ലഭിച്ചെന്നും ഓക്സ്ഫാം എന്ന സംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്വിറ്റ്സർലാന്റിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ റിപ്പോർട്ട് സമർപ്പിക്കും.
'അസമത്വ വൈറസ്' എന്നാണ് റിപ്പോർട്ടിന് ഓക്സ്ഫാം നൽകിയിരിക്കുന്ന പേര്. രാജ്യത്തെ അതിസമ്പന്നർക്ക് 35 ശതമാനം വരുമാനം കൂടിയപ്പോൾ രാജ്യത്തെ 84 ശതമാനം കുടുംബങ്ങൾക്കും വരുമാന നഷ്ടം ഉണ്ടായി. ഏപ്രിൽ മാസത്തിൽ മാത്രം മണിക്കൂറിൽ 1.7 ലക്ഷം പേർക്ക് ജോലി നഷ്ടമായി. രാജ്യത്തെ ധനികരിൽ ആദ്യ നൂറ് സ്ഥാനത്തുളളവർക്കും വരുമാനം കൂടി. ഇന്ത്യയിലെ 138 കോടി ജനങ്ങൾക്ക് 94045 രൂപയുടെ ചെക്ക് നൽകാവുന്നത്ര ധനമാണ് ഇവർക്ക് കുമിഞ്ഞുകൂടിയത്.
മുകേഷ് അംബാനി സമ്പാദിച്ച പണം സമ്പാദിക്കാൻ സാധാരണക്കാരനായ ഒരാൾക്ക് 10,000 വർഷമെടുക്കും. ഒരു സെക്കന്റിൽ റിലയൻസ് ഇന്റസ്ട്രീസ് നേടിയ സമ്പത്ത് നേടാൻ ഒരു പൗരന് മൂന്ന് വർഷം വേണം. ലോകത്ത് ഏറ്റവും ദൃഢമായ ലോക്ഡൗണായിരുന്നു ഇന്ത്യയിലേത്. ഇതുമൂലം ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജോലിയോ, പണമോ, ആഹാരമോ താമസിക്കാൻ ഇടമോ ഇല്ലാതെ അവർ വഴിയിലായി. റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ ഇവർ സ്വന്തംനാട്ടിലേക്ക് കിലോമീറ്ററുകളോളം നടന്ന് പോകാൻ നിർബന്ധിതരായി. ഈ യാത്രകളിൽ പലരും മരണപ്പെട്ടു. ഇത്തരം മരണങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് കേന്ദ്രം പാർലമെന്റിൽ പറഞ്ഞത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിനിടയാക്കി.
ലോക്ഡൗൺ നിർദ്ദേശങ്ങൾക്ക് ഇളവ് നൽകിയ ശേഷം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ 'ആത്മനിർഭർ ഭാരത്' പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇതിന്റെ നേരിട്ടുളള പ്രഭാവം വളരെ കുറവായിരുന്നു. രണ്ട് ലക്ഷം കോടിയുടേത്, ആഭ്യന്തര ഉൽപാദന വളർച്ചയിൽ ഒരുശതമാനം മാത്രമായിരുന്നു ഇതിന്റെ പ്രഭാവം.
കോടീശ്വരന്മാരുടെ സമ്പത്ത് വർദ്ധിച്ചെങ്കിലും ഇവർ ഒടുക്കേണ്ട നികുതിയിൽ വെറും ഒരുശതമാനം മാത്രമാണ് വർദ്ധനയുണ്ടായത്. ആരോഗ്യ രംഗത്തും രാജ്യത്ത് കടുത്ത അസമത്വമാണ് ഉണ്ടായത്. ഒന്നോ രണ്ടോ മുറിയുളള വീടുകളിൽ കഴിയുന്ന ഗ്രാമീണ ഇന്ത്യയിലെ 32 ശതമാനത്തോളം ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കാനും, കൈകൾ കഴുകാനുമുളള ആഹ്വാനം വലിയ ആർഭാടമായിരുന്നു.
എന്നാൽ ഇത് ഇന്ത്യയിൽ മാത്രമുളള ദയനീയാവസ്ഥയല്ലെന്നും ലോകമാകെ ഈ പ്രതിഭാസമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. മാർച്ച് 18 മുതൽ ഡിസംബർ 31 വരെ 3.9 ലക്ഷംകോടി ഡോളർ വർദ്ധനയാണ് ലോകത്തെ സമ്പന്നർക്കുണ്ടായത്. എന്നാൽ 20 കോടി മുതൽ 50 കോടി വരെ ജനങ്ങൾ കൊടും പട്ടിണിയിലുമായി. ലോകത്ത് പട്ടിണിയിലായവരുടെ രക്ഷയ്ക്കും അവരിൽ കൊവിഡ് വാക്സിൻ എത്തിക്കാനും ആദ്യ പത്ത് അതിസമ്പന്നരുടെ വർദ്ധിച്ച സ്വത്ത് മാത്രം മതിയാകുമെന്നും ഓക്സ്ഫാമിന്റെ റിപ്പോർട്ടിൽ പറയുന്നു.
അൻപത് ലക്ഷത്തിന് മുകളിൽ വരുമാനം സമ്പാദിക്കുന്നവർക്ക് സർക്കാർ രണ്ട് ശതമാനം സർച്ചാർജ് ഏർപ്പെടുത്തണമെന്നും അമിത ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് താൽക്കാലിക നികുതി കൊണ്ടുവരണമെന്നും സാധാരണ തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഇന്ത്യയിലെ പൗരന്മാർക്ക് തുല്യതയേറിയതും സുന്ദരവുമായ ഭാവിയ്ക്കായി സർക്കാർ ശ്രമിക്കണമെന്നും റിപ്പോർട്ടിലുണ്ട്.