കൊല്ലം: കൊട്ടിയത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ റംസി കേസ് അന്വേഷണം നിലച്ചമട്ടിൽ. സെപ്തംബർ മൂന്നിനാണ് വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയെ (24) മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദ് പിന്മാറിയതിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. കേസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് ഹാരിസിനെ അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം നിലച്ചമട്ടാണ്. ഇതിനിടെ റംസി ഹാരിസുമായും ഉമ്മയുമായും നടത്തിയ അവസാന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
ഹാരിസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. റംസിയുടെ ബന്ധുക്കൾ പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്.പി കെ. ജി. സൈമൺ വിരമിച്ചതോടെയാണ് അന്വേഷണം ഇഴഞ്ഞത്. ആക്ഷൻ കൗൺസിൽ പ്രവർത്തനവും ഏതാണ്ട് നിലച്ചമട്ടിലാണ്.
സീരിയൽ നടിയുടെ പങ്ക്
ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദുമായി റംസിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർക്കൊപ്പം ഷൂട്ടിംഗ് സെറ്റുകളിൽ റംസി പോയിരുന്നു. ഹാരിസുമായുള്ള ബന്ധത്തിൽ റംസി ഗർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രം നടത്തിരുന്നു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കി റംസിക്ക് ഗർഭഛിദ്രം നടത്തിയതിന് മുന്നിട്ടിറങ്ങിയത് ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ക്രൈം ബ്രാഞ്ച് ഇവരെയും ചോദ്യം ചെയ്തിരുന്നു.
ആക്ഷൻ കൗൺസിൽ
റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഹാരിസിന്റെ മാതാവാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. അന്വേഷണം അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിക്കുന്നുണ്ടെന്നും അന്ന് ആക്ഷൻകൗൺസിൽ ആരോപിച്ചിരുന്നു.
നാൾവഴികൾ
1. പഠനകാലം മുതൽ റംസിയും ഹാരിസും തമ്മിൽ പ്രണയത്തിലായിരുന്നു
2. ഇരുവരുടെയും ബന്ധം മനസിലാക്കിയ വീട്ടുകാർ ഹാരിസിന് ജോലി കിട്ടുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന് നിശ്ചയിച്ചു
3. 2019 ൽ വളയിടൽ ചടങ്ങ് നടത്തി
4. ഇതിനിടെ മറ്റൊരാലോചന വന്നതോടെ ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറി
5. മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റംസി
6. ഹാരിസുമായി ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച ശേഷം വാട്ട്സ് ആപ്പ് വഴി ചിത്രം ഹാരിസിന് അയച്ചു
7. പിന്നീട് ഹാരിസിന്റെ മാതാവിനെ വിളിച്ച് സംസാരിച്ച ശേഷം റംസി ആത്മഹത്യ ചെയ്യുകയായിരുന്നു