കോഴിക്കോട്: അയൽപക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ തൊട്ടപ്പുറത്തെ വീട്ടുകാർ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതി താത്കാലികമായി തടഞ്ഞു. വിമുക്തഭടൻ തൃക്കൈപ്പറമ്പത്ത് പ്രേമരാജന്റെ ഹർജിയിലാണ് ഉത്തരവ്.
നേരത്തെ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ മറ്റാരെയും കാണിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. അയൽവീടുമായി ആറടി അകലം മാത്രമുള്ള തങ്ങളുടെ വീടിന്റെ ബാൽക്കണിയിലേക്കടക്കം ഫോക്കസ് ചെയ്താണ് അയൽവാസി ക്യാമറമറകൾ സ്ഥാപിച്ചിരിക്കുതെന്ന് കാട്ടിയായിരുന്നു ഹർജി. കിടപ്പുമുറിയിൽ വസ്ത്രം മാറുന്നതുൾപ്പെടെ മനഃപൂർവം ക്യാമറമറയിൽ പകർത്തുകയാണ്. ഈ ദൃശ്യങ്ങൾ പലരെയും കാണിക്കുന്നതായും അറിയുന്നു. കൂടുതൽ ക്യാമറമറകൾ സ്ഥാപിക്കുന്നത് തന്റെയും ഭാര്യയുടെയും 15 വയസുള്ള മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് തടയണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
കിടപ്പുമുറിയിൽ വസ്ത്രം മാറുന്നതിനിടയിൽ പിൻഭാഗം അയൽവാസിയുടെ ക്യാമറയിൽ പതിഞ്ഞതിന്റ പേരിൽവന്ന പോക്സോ കേസിൽ പ്രേമരാജന് അഞ്ചു ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. തന്റെ പന്ത്രണ്ടുകാരൻ മകന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്ന അയൽവാസിയുടെ പരാതിയിൽ പൊലീസ് പോക്സോ വകുപ്പ് ചുമത്തുകയായിരുന്നു.
തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിച്ചതായി കാട്ടി പിന്നീട് പ്രേമരാജൻ നൽകിയ പരാതിയിൽ അയൽവാസികളായ പി.ജിജി, ഭർത്താവ് അനുജിത്ത് രാമചന്ദ്രൻ എന്നിവർക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തിരുന്നു. കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതിന് നഷ്ടപരിഹാരം തേടി പ്രേമരാജൻ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിരുന്നു.