ചിറ്റൂർ: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നത് രാസവസ്തുക്കൾ കലർത്തിയ കാലിത്തീറ്റകൾ. പാൽ ഉത്പാദനം ഇരട്ടിയാകുമെന്ന് കുപ്രചരണം നടത്തിയാണ് മായം കലർന്ന കാലി തീറ്റകൾ സംസ്ഥാനത്ത് വ്യാപകമായി ഇറക്കുമതി ചെയ്യുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും ടൺ കണക്കിന് ലോഡുകളാണ് അതിർത്തി കടന്നെത്തുന്നത്. സംസ്ഥാന അതിർത്തിയിൽ മാത്രം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 30 ഓളം കാലി തീറ്റ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഗുണമേന്മ കുറഞ്ഞ പാൽ ചിറ്റൂർ മേഖലയിൽ വ്യാപകമാണെന്ന് അടുത്തിടെ ക്ഷീര വികസന വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മായം കലർന്ന കാലിത്തീറ്റയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. പ്രാഥമിക ക്ഷീരസംഘങ്ങൾ സംഭരിക്കുന്ന പാൽ മിൽമയാണെടുക്കുന്നത്. പാലിന്റെ ഗുണനിലവാര പരിശോധന വഴിപാടുമാത്രമായത് ഇത്തരം കാലിതീറ്റ ലോബികൾക്ക് സഹായകമായിട്ടുണ്ട്. പാൽ ഉത്പാദനം കൂടുകയും മിൽമ കാലിതീറ്റയുടെ പകുതി വിലമത്രമേയുള്ള എന്നതുമാണ് കർഷകരെ ആകർഷിക്കുന്നത്.
കാലിത്തീറ്റയുടെ ചേരുവകൾ
ആന്ധ്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ബിയർ കമ്പനികളിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന ബിയർ വേയ്സ്റ്റ് കൂടാതെ മക്കാ ചോളം പൊടി, വിവിധ തരംതവിടുകൾ എന്നിവ ചേർത്താണ് കാലി തീറ്റകൾ ഉണ്ടാക്കുന്നത്. കൂടാതെ യൂറിയ, മഞ്ഞൾപ്പൊടി, നിലവാരം ഇല്ലാത്ത ഉപ്പ് എന്നിവയും തീറ്റകേടുവരാതെ സൂക്ഷിക്കാനായി ചേർക്കുന്നു. ഒരു കറവപശുവിന് ഒരു ദിവസം പരമാവധി 5 കിലോയാണ് നല്കുന്നത്. ഇത് നല്കിയാൽ ഇരട്ടി പാൽ ലഭിക്കുമെന്നാണ് പ്രചാരണം. കടലപ്പിണ്ണാക്കിൽ കല്ലും മണ്ണുംവരെ ചേർത്ത് തൂക്കം പെരുപ്പിക്കുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. 35, 50 കിലോ വീതമുള്ള ചാക്കുകളിലാക്കി വിവിധ ബ്രാന്റുകളുടെ പേരിലാണ് വിപണനം.
ഇത് കാലികളുടെ ആരോഗ്യത്തിന് ഹാനികരം
മാരക രാസവസ്തുക്കൾ ചേർക്കുന്ന കാലിത്തീറ്റകൾ ഉപയോഗിക്കുന്നത് കറവപശുക്കൾക്ക് പലവിധ രോഗങ്ങളുണ്ടാകാൻ കാരണമാകും. അകിട് വീക്കം, ചർമ്മ രോഗം തുടങ്ങിയവയാണ് പൊതുവിൽ കണ്ടുവരുന്നത്. ഈ അവസരത്തിൽ പാൽ ഉത്പാദനം ഗണ്യമായി കുറയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന മേഖലയാണ് ചിറ്റൂർ. ചെറുതും വലുതുമായ നിരവധി ഡയറിഫാമുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. 500 മുതൽ 1000 ലിറ്റർ വരെ പാൽ അളക്കുന്ന കർഷകർ നിരവധിയാണ്. മേഖലയിലെ തെങ്ങ് കൃഷി നാശത്തിലേക്ക് പോയതോടെയാണണ് ഭൂരിഭാഗം കർഷകരും ക്ഷീരമേഖലയിലേക്ക് വഴിമാറിയത്. 57 ക്ഷീരസംഘങ്ങൾ ചിറ്റൂരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടു. 3 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. ഇതിൽ പ്രാദേശിക വില്പന കഴിഞ്ഞുള്ള ബാക്കി പാൽ മിൽമക്കാണ് നൽകുന്നത്.