കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിന്റെ അനൗപചാരിക ചർച്ചകളിലേക്ക് നീങ്ങിയിരിക്കയാണ്.ഇടതു പ്രഖ്യാപനം ഈ ആഴ്ചയോടെയുണ്ടാകും. യു.ഡി. എഫ്, എൻ.ഡി. എ സ്ഥാനാർത്ഥി പട്ടികയും വൈകാനിടയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ നിന്നും വീണ്ടും ജനവിധി തേടുമെന്നുറപ്പാണ്.മന്ത്രി ഇ.പി.ജയരാജൻ മട്ടന്നൂരിൽ നിന്നു മാറി കല്യാശേരിയിൽ മത്സരിക്കാനാണ് സാദ്ധ്യത. കൂത്തുപറമ്പ് മണ്ഡലം ഘടകകക്ഷിയായ എൽ.ജെ.ഡിക്ക് നൽകിയാൽ മന്ത്രി കെ.കെ. ശൈലജ മട്ടന്നൂരിൽ നിന്ന് ജനവിധി തേടും. രണ്ട് ടേം പൂർത്തിയാക്കിയ ടി.വി. രാജേഷ്, ജെയിംസ് മാത്യു, സി. കൃഷ്ണൻ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. തളിപ്പറമ്പിൽ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പരിഗണനയിലുണ്ട്.പയ്യന്നൂരിൽ കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ടി. ഐ. മധുസൂദനൻ എന്നിവരെയാണ് പരിഗണിക്കുന്നത്. സി.പി. എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവരിലൊരാൾ മാത്രമെ മത്സരരംഗത്തുണ്ടാകുള്ളൂ.
തലശേരിയിൽ പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണെങ്കിലും . എ. എൻ. ഷംസീറിന് ഒരു ഊഴം കൂടി നൽകണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. യു.ഡി. എഫിന്റെ സിറ്റിംഗ് സീറ്റുകളായ അഴീക്കോട് , പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ കരുത്തരായ സ്വതന്ത്രരെ നിർത്തിയും പിടിക്കണമെന്ന അഭിപ്രായമാണ് സി.പി. എം നേതൃത്വത്തിനുള്ളത്. കേരള കോൺഗ്രസ് എം, സി.പി. ഐ എന്നിവരും ഇരിക്കൂർ, പേരാവൂർ സീറ്റുകളിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്. സി.പി. ഐയിലെ പി. സന്തോഷ് കുമാർ, സി. എൻ. ചന്ദ്രൻ എന്നിവരുടെ പേരുകൾക്കാണ് പ്രഥമപരിഗണന. കേരള കോൺഗ്രസ് എം നേതാക്കളായ പി.ടി. ജോസ്, ജോയി കൊന്നക്കൽ എന്നിവരും സാദ്ധ്യതാ പട്ടികയിലുണ്ട്.
യു.ഡി.എഫ് പട്ടിക ഹൈക്കമാൻഡിന് മുന്നിൽ
യു.ഡി. എഫ് സ്ഥാനാർത്ഥി നിർണയ പട്ടിക ഹൈക്കമാൻഡിന് മുന്നിലാണ്. കണ്ണൂരിൽ ലീഗ് പിടിമുറുക്കിയില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരിലൊരാൾ ഇവിടെ മത്സരിക്കും. അഴീക്കോട് വിട്ട് കണ്ണൂരിലേക്ക് മാറണമെന്ന നിലപാട് കെ. എം. ഷാജി നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.കൂത്തുപറമ്പ്, തളിപ്പറമ്പ് സീറ്റുകളിലും ലീഗ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയെ കൂത്തുപറമ്പിലേക്ക് പരിഗണിക്കുന്നുണ്ട്. സിറ്റിംഗ് സീറ്റായ പേരാവൂരിൽ അഡ്വ. സണ്ണി ജോസഫ് തന്നെ വീണ്ടും മത്സരിക്കും. തലശേരിയിൽ വി. രാധാകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, പയ്യന്നൂരിൽ എം. പ്രദീപ് കുമാർ, മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, കല്യാശേരിയിൽ അജിത് മാട്ടൂൽ, രാജീവൻ കപ്പച്ചേരി, ഇരിക്കൂറിൽ സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് മുൻഗണന. ബി.ജെ.പി സ്ഥാനാർഥികളിൽ പുതുമുഖങ്ങൾക്കും സ്വതന്ത്രർക്കും പ്രാധാന്യം നൽകണമെന്ന് സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.