കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം സ്ഥാനാർത്ഥി നിർണയത്തിലെ അപാകത മൂലമാണെന്ന വിലയിരുത്തലിൽ കോൺഗ്രസ് ഇക്കുറി കൂടുതൽ കരുതലിൽ. സ്ഥാനാർത്ഥികളെ കണ്ടെത്തി മാർക്കിടാൻ എ.ഐ.സി.സി നിശ്ചയിച്ച ഇവന്റ് മാനേജ്മെന്റ് ടീം പട്ടിക ഈ ആഴ്ച കൈമാറും. ഡൽഹി, മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടീമിന്റെ മൂന്ന് സർവേകളിൽ രണ്ടെണ്ണം പൂർത്തിയായി. മൂന്നാം സർവേ അന്തിമ ഘട്ടത്തിലാണ്.
യുവാക്കൾക്കും വനിതകൾക്കും പ്രാതിനിദ്ധ്യമുള്ള പട്ടികയിൽ വിജയസാദ്ധ്യത മാത്രമാണ് പ്രധാന മാനദണ്ഡം.
സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.
കോൺഗ്രസ് മത്സരിക്കുന്ന 90 മണ്ഡലങ്ങളിലെ സാദ്ധ്യതാ പട്ടിക കെ.പി.സി.സി നേരത്തേ എ.ഐ.സി.സി നേതൃത്വത്തിനു കൈമാറിയിരുന്നു. എല്ലാ മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരുണ്ട്.
ഫുൾമാർക്ക് കിട്ടിയിട്ടും തോറ്റു
പാർട്ടി ഘടകങ്ങളുടെയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ കെ.പി.സി.സി നിയോഗിച്ച പെർഫോർമൻസ് അസസ്മെന്റ് സിസ്റ്റത്തിന്റെ (പി.എ.എസ്) ഭാഗമായുള്ള മൂല്യനിർണയം കനത്ത തിരിച്ചടിയായിരുന്നു. മൂല്യനിർണയത്തിൽ ഫുൾ മാർക്ക് കിട്ടിയവർ തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും പച്ചതൊട്ടില്ല.