അപർണ റോയിക്കും ആൻസി സോജനും കെസിയ മറിയം ബെന്നിക്കും മീറ്റ് റെക്കാഡ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണേന്ത്യ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടുദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തമിഴ്നാട് മുന്നിൽ . 24 സ്വർണവും 29 വെള്ളിയും 21 വെങ്കലവും നേടി 491.5 പോയിന്റുമായാണ് തമിഴ്നാട് ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 17 സ്വർണവും 28 വെള്ളിയും 22 വെങ്കലവും നേടി 450.5 പോയിന്റുമായി കേരളം രണ്ടാംസ്ഥാനത്തുണ്ട്. 14 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും നേടി 249 പോയിന്റുമായി കർണാടക മൂന്നാംസ്ഥാനത്തും അഞ്ച് സ്വർണവും ഒരു വെള്ളിയും 10 വെങ്കലവും നേടി 144 പോയിന്റുമായി ആന്ധ്രാപ്രദേശ് നാലാംസ്ഥാനത്തുമാണ്.
രണ്ടാംദിനമായ ഇന്നലെ 11 റെക്കാഡുകൾ പിറന്നു. അണ്ടർ 20 വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ അപർണ റോയിയും ലോംഗ് ജമ്പിൽ ആൻസി സോജനും ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നിയും, അണ്ടർ 16 വിഭാഗം പെൺകുട്ടികളുടെ ഹൈജമ്പിൽ കർണാടകയുടെ പാവന നാഗരാജും ഷോട്ട്പുട്ടിൽ തമിഴ്നാടിന്റെ രൂപശ്രീ കൃഷ്ണമൂർത്തിയും അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്ററിൽ കർണാടകത്തിന്റെ പ്രിയ ഹബ്ബത്ത നഹള്ളി മോഹനും 100 മീറ്റർ ഹർഡിൽസിൽ തെലങ്കാനയുടെ അഗസാര നന്ദിനിയും ഷോട്ട്പുട്ടിൽ തമിഴ്നാടിന്റെ ഷർമിളയും, അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്ററിൽ തമിഴ്നാടിന്റെ ഭരതും പോൾവാൾട്ടിൽ ശക്തി മഹേന്ദ്രനുമാണ് റെക്കാഡുകൾ ഭേദിച്ചത്. മീറ്റ് ഇന്ന് സമാപിക്കും