മ്യാൻമറിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 18 പേർ കൊല്ലപ്പെട്ടു.സൈനിക അട്ടിമറിയ്ക്കെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് വൻ ജനകീയ പ്രതിഷേധം നടക്കുകയാണ്. എന്നാൽ, ഇതാദ്യമായാണ് ഇത്രയധികം പേർ പ്രതിഷേധത്തിനിടെ കൊലപ്പെടുന്നത്.
ജനക്കൂട്ടത്തെ പിരിച്ചു വിടാൻ സാധിക്കാതെ വന്നതോടെ, യംങ്കൂണിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതവും ഗ്രനേഡുകളും പൊലീസ് പ്രയോഗിച്ചു.
നിരവധി പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.
കിഴക്കൻ പട്ടണമായ ദാവെയ്യിലും പൊലീസ് വെടിവയ്പ്പുണ്ടായി.
പൊതുറോഡിൽ തമ്പടിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഇന്നലെ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങൾക്ക് ആരംഭമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്ലെദാനിൽ ഇവർ പ്രതിഷേധസൂചകമായി തടിച്ചുകൂടി.
പിന്നാലെ സൈന്യം ഇവരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇതോടെ നൂറുകണക്കിന് പേർ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുരക്ഷാസേനയെ തടയാനായി ജനങ്ങൾ ബാരിക്കേഡുകൾ സ്ഥാപിച്ചു.
യംങ്കൂൺ, മാണ്ടലെയ്, ദാവെയ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്.
സമാധാന മാർഗ്ഗത്തിലൂടെ സഞ്ചരിച്ച പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന്റെ ഇടപെടൽ മൂലം കലാപകലുഷിതമായി മാറുകയായിരുന്നു. ഇതുവരെ മാദ്ധ്യമപ്രവർത്തകരടക്കം 800 പേരെയെങ്കിലും അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
മ്യാൻമറിലെ യു.എൻ സ്ഥാനപതിയെ പുറത്താക്കി
സൈനിക അട്ടിമറിയ്ക്കെതിരെ പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട മ്യാൻമറിലെ യു.എൻ സ്ഥാനപതി ക്യോ മോ തുന്നിനെ സൈന്യം പുറത്താക്കി. മ്യാൻമർ സ്റ്റേറ്റ് ടെലിവിഷൻ എം.ആർ.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്യോ മോ രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്ഥാനപതിയുടെ അധികാരവും ഉത്തരവാദിത്വങ്ങളും ദുരുപയോഗം ചെയ്തതായും പ്രസ്താവനയിൽ സൈന്യം വ്യക്തമാക്കി.
വൻ ഭൂരിപക്ഷത്തിൽ മ്യാൻമറിൽ അധികാരത്തിലേറിയ ആംങ് സാൻ സൂ ചി സർക്കാരിനെ ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറിച്ചത്. പട്ടാളം തടവിലാക്കിയ സൂ ചി ഉൾപ്പെടെയുള്ള നേതാക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ദീർഘകാലം പട്ടാള ഭരണത്തിലായിരുന്ന മ്യാന്മർ ജനാധിപത്യത്തിലേക്ക് മടങ്ങിവന്ന് ഏതാനും വർഷങ്ങൾ മാത്രം പിന്നിടുമ്പോഴാണ് തിരിഞ്ഞെടുപ്പിലെ കൃത്രിമം ചൂണ്ടിക്കാട്ടി പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തത്.