തിരുവനന്തപുരം: മ്യൂസിയം അക്വേറിയത്തിലെ കടൽ മത്സ്യത്തിന് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജന്മം നൽകി തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടറും സംഘവും. പാമ്പുകളോട് രൂപ സാദൃശ്യമുള്ള മൊറേ ഇൗൽ എന്ന മത്സ്യം ഒപ്പമുണ്ടായിരുന്ന ഇതേ ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ ആക്രമണത്തിന് ഇരയായി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് ആറുമണിയോടെയാണ് പൂർത്തിയായത്. മൃഗശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ മീനിന് നടത്തുന്നതും വിജയിക്കുന്നതും.
കടൽവെള്ളം നിറച്ച പാത്രത്തിലേക്ക് മാറ്റി ട്യൂബ് വഴി അനസ്ത്യേഷ്യ നൽകിയശേഷമായിരുന്നു ശസ്ത്രക്രിയ. മറ്റൊരുട്യൂബ് വഴി കടൽ വെള്ളവും നൽകി. അണ്ഡാശയം പുറത്തുവന്ന നിലയിലായിരുന്നു. അതു നീക്കം ചെയ്തശേഷം തുന്നലിടുകയായിരുന്നു.
മുപ്പതോളം തുന്നൽ വേണ്ടിവന്നു.
ആന്റിബയോട്ടിക്സ് കുത്തിവച്ചതിനു പുറമേ, മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തിലും കലർത്തിയിട്ടുണ്ട്. കാര്യമായ പുരോഗതിയുണ്ടെങ്കിലും പൂർണസുഖം പ്രാപിക്കാൻ നാളുകളെടുക്കും.
ശസ്ത്രക്രിയയ്ക്ക് ദമ്പതികളും
ഡോക്ടർ ജേക്കബ് നേതൃത്വം നൽകിയ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തിന്റെ ശിഷ്യരും ചെങ്ങന്നൂരിലെ വെറ്ററിനറി ഡോക്ടർ ദമ്പതികളുമായ ടിറ്റു എബ്രഹാമും അമൃതലക്ഷ്മിയും പങ്കാളികളായി. ഇവരെ ഇതിനായി വിളിച്ചുവരുത്തുകയായിരുന്നു. 600ഗ്രാം തൂക്കമുള്ള മത്സ്യത്തിന് അഞ്ചു വയസ് പ്രായമുണ്ട്. വലിപ്പം 60 സെന്റീ മീറ്റർ.
മാംസഭോജികൾ
മൊറേ ഇൗൽ അപകടകാരികളും മാംസഭോജികളുമാണ്. ചെറുമത്സ്യങ്ങളാണ് ഭക്ഷണം. പിടികൂടാൻ ശ്രമിച്ചാൽ മനുഷ്യരെയും അക്രമിക്കും.മൂർച്ചയുള്ള വളഞ്ഞ പല്ലുകളുണ്ട്. ചെറിയ കണ്ണുകൾ,ചെതുമ്പൽ ഇല്ലാത്ത വഴുവഴുപ്പുള്ള ശരീരം.നിറം ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് മാറും. 10 വർഷംവരെയാണ് ആയുസ്.
മത്സ്യമായതിനാൽ ശസ്ത്രക്രിയ അതിസങ്കീർണവും ബുദ്ധിമുട്ടേറിയതുമായിരുന്നു. മത്സ്യത്തിന്റെ നിലയിൽ കാര്യമായ പുരോഗതിയുണ്ട്.
ഡോക്ടർ ജേക്കബ് അലക്സാണ്ടർ