ചെന്നൈ: നൃത്തമാടിയും പനനൊങ്ക് വയറുനിറയെ കഴിച്ചും തമിഴ്നാടിന്റെ മനം കവർന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുകയാണ് അദ്ദേഹം. കന്യാകുമാരിയിലെ മുളകുമൂട് സെന്റ്. ജോസഫ്സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾക്കും ചില നേതാക്കൾക്കുമൊപ്പം നൃത്തം ചെയ്യുന്ന രാഹുലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വിദ്യാർത്ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുൽ നൃത്തം ചെയ്തത്. രാഹുലിനായി കായികാഭ്യാസങ്ങളും വിദ്യാർത്ഥികൾ കാഴ്ചവെച്ചു. വിദ്യാർത്ഥികൾക്കൊപ്പം രാഹുലും ഒറ്റക്കൈയ്യിൽ പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തു. കരഘോഷങ്ങളോടെയാണ് വിദ്യാർത്ഥികൾ രാഹുലിനെ വരവേറ്റത്. വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി. നാഗകോവിലിലേയ്ക്കുള്ളയാത്രയ്ക്കിടയിൽ അച്ചൻകുളത്ത് വച്ച് രാഹുലും മറ്റ് പാർട്ടി പ്രവർത്തകരും വഴിയരികിൽ നിന്ന് പനനൊങ്ക് വാങ്ങിക്കഴിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. പനനൊങ്ക് കഴിക്കേണ്ട വിധം ഒപ്പമുള്ളവർ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുന്നതും രാഹുൽ രുചിയോടെ അത് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കണമെന്ന് രാഹുൽ
മറ്റേത് ഭാഷയും മതവും സംസ്കാരവും ആശയങ്ങളും സംരക്ഷിക്കുന്നത് പോലെ തമിഴ് സംസ്കാരവും ഭാഷയും സംരക്ഷിക്കേണ്ടത് ഒരു ഇന്ത്യക്കാരനെന്ന നിലയിൽ തന്റെ ചുമതലയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് സംസ്കാരത്തേയും പാരമ്പര്യത്തേയും അപമാനിക്കാൻ നരേന്ദ്ര മോദിയേയും ആർ.എസ്.എസിനേയും നാം അനുവദിക്കരുത്. തമിഴ്നാടിനെ ശരിയായ രീതിയിൽ പ്രതിനിധീകരിക്കുന്ന ഒരാൾക്ക് മാത്രമെ ഇവിടെ മുഖ്യമന്ത്രിയാകാൻ സാധിക്കൂ - രാഹുൽ പറഞ്ഞു.