വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ 50 റൺസിന്റെ നിർണായക ജയം നേടി ആസ്ട്രേലിയ പരമ്പര ഉദ്യേഗജനകമാക്കി. ഇരുടീമും നിലവിൽ പരമ്പരയിൽ 2-2ന് സമനിലയിലായതോടെ നാളെ വെല്ലിംഗ്ടണിൽ തന്നെ നടക്കുന്ന അഞ്ചാം മത്സരം അക്ഷരാർത്ഥത്തിൽ ഫൈനലായി മാറി. ഇന്നലെ നടന്ന നാലാം ട്വന്റി-20യിൽ നായകൻ ആരോൺ ഫിഞ്ച് പുറത്താകാതെ നേടിയ അർദ്ധ സെഞ്ച്വറിയാണ് (55 പന്തിൽ 79) ആസ്ട്രേലിയക്ക് ജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ്നഷ്ടത്തിൽ 156 റൺസിന്റെ ടോട്ടലാണ് പടുത്തുയർത്തിയത്. ഓസീസ് ബൗളിംഗിനു മുന്നിൽ പതറിപ്പോയ മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 18. 5 ഓവറിൽ 106 റൺസിന് ആൾഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയയെ ഫിഞ്ച് ഏറെക്കുറെ ഒറ്റയ്ക്കാണ് 150 കടത്തിയത്. 55 പന്ത് നേരിട്ട ഫിഞ്ച് 5 ഫോറും 4 സിക്സും ഉൾപ്പെടെയാണ് പുറത്താകാതെ 79 റൺസുമായി ഓസീസ് ബാറ്റിംഗിന്റെ അമരക്കാരനായത്. മാർകസ് സ്റ്റോയിനിസ് ( 13 പന്തിൽ 19), ഗ്ലെൻ മാക്സ്വെൽ (9 പന്തിൽ 18) എന്നിവരാണ് ഫിഞ്ചിനെക്കൂടാതെ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.ന്യൂസിലൻഡിനായി ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ കിവികൾ ഓസീസ് സ്പിൻ- പേസ് ആക്രമണത്തിന് മുന്നിൽ തകരുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത കേൻ റിച്ചാർഡ്സണും 2 വിക്കറ്റ് വീതം വീഴ്ത്തിയ ആഷ്ടൺ ആഗറും ആദം സാംപയും ഗ്ലെൻ മാക്സ്വെല്ലുമാണ് കിവികളെ കൂട്ടിലാക്കിയത്. കെയ്ൽ ജാമിസണും (18 പന്തിൽ 30),ടീം സെയ്ഫർട്ടിനും (19), ഡെവോൺ കോൺവേയ്ക്കും (17) മാത്രമാണ് കിവിനിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ.