കണ്ണൂർ: അച്ചടക്ക നടപടി പ്രതീക്ഷിച്ച് തന്നെയാണ് പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതികരിച്ചതെന്ന് സ്പോർട് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും സി.പി.എം അമ്പാടിമുക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ എം. ധീരജ് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് കിട്ടിയതും കണ്ണൂർ നിയമസഭാ മണ്ഡലവും പാർലമെന്റ് മണ്ഡലവും ഇടതു മുന്നണിക്ക് കിട്ടിയതും പി. ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ്. അത്തരത്തിലുള്ള ഉയർന്ന ഒരു നേതാവിനെ ഒതുക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ബി.ജെ.പിക്ക് സമാന്തരമായി പ്രവർത്തിച്ചിരുന്ന വിമത ബി.ജെ.പി നിരയായ നമോവിചാർ മഞ്ചിനെ സി.പി.എമ്മിലേക്ക് എത്തിച്ചത് പി. ജയരാജന്റെ മാത്രം കഴിവും പരിശ്രമവും ഒന്നുകൊണ്ടുമാത്രമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽകാലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ഒരാൾക്ക് മാന്യമായ പരിഗണന കൊടുക്കേണ്ടേ. ധീരജ് ചോദിക്കുന്നു.
ഇത്തരത്തിലുള്ള ഒരു നേതാവിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ എടുക്കാത്തത് നീതീകരിക്കാൻ കഴിയുമോ ? ധീരജ് ചോദിച്ചു. ജയരാജനെ വടകരയിൽ മത്സരിപ്പിച്ചത് തന്നെ ഗൂഢലക്ഷ്യത്തോടെയാണ്. മൂന്ന് ജില്ലാ സെക്രട്ടറിമാർ മത്സരിച്ചതിൽ ജയരാജനെ മാത്രമാണ് പദവിയിൽ നിന്ന് ഒഴിവാക്കിയത്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചെന്നും ധീരജ് കുമാർ കൂട്ടിച്ചേർത്തു. പി. ജയരാജന് സീറ്റു നൽകാത്തതിൽ പരസ്യമായി പ്രതിഷേധിച്ചതിന് ധീരജ് കുമാറിനെ കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പി.ജെയ്ക്ക് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ സി.പി.എം ഇതിന്റെ ദോഷമനുഭവിക്കുമെന്നും ധീരജ് കുമാർ മുന്നറിയിപ്പു നൽകി.
പി. ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ധീരജ് കുമാർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച പി. ജയരാജനോട് സി.പി.എം രാഷ്ട്രീയ നെറികേട് കാണിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എന്നാൽ ജയരാജന്റെ ആരാധകരുടെ സംഘടനയായ പി.ജെ ആർമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ധീരജ് വ്യക്തമാക്കി. തന്റെ പേരിൽ പാർട്ടി അണികളിൽ ആശയ കുഴപ്പം സൃഷ്ടിക്കരുതെന്നും താനടങ്ങിയ കമ്മിറ്റി കൂടിയാലോചിച്ചാണ് ഓരോ സ്ഥലത്തും വിജയിക്കാൻ പ്രാപ്തരായ സ്ഥാനാർത്ഥികളെ കണ്ടെത്തിയതെന്നും കഴിഞ്ഞ ദിവസം പി. ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തന്റെ ചിത്രം ദുരൂപയോഗം ചെയ്ത് സി.പി.എമ്മിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവരെ പാർട്ടി ശത്രുക്കളായി മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പി.ജെ ആർമി സൈബറിടങ്ങളിൽ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്. ധീരജിന്റെ പിന്മാറ്റം അഴീക്കോട് പിടിക്കാമെന്ന സി.പി.എമ്മിന്റെ മോഹത്തിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.