SignIn
Kerala Kaumudi Online
Thursday, 05 August 2021 12.53 AM IST

ഇനിയും അവഗണിക്കരുത് തത്തേങ്ങലത്തെ

endosulfan

മനുഷ്യനെ ഭരണകൂടം മറന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ലോക മാതൃകയാണ് എൻഡോസൾഫാൻ ഇരകൾ. മരിക്കാതെ മരിച്ച് ദുരിതം പേറുന്നവർ. കണ്ണിടറാതെ കാണാൻ സാധിക്കില്ല ഈ മനുഷ്യജീവനുകളെ. കാസർകോട് മാത്രമല്ല, പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലുമുണ്ട് എൻഡോസൾഫാൻ കീടനാശിനിയുടെ അമിതപ്രയോഗത്തിൽ മുരടിച്ചു പോയ ജീവിതങ്ങൾ. 50 ലേറെ കുട്ടികൾ ഇവിടെ മാനസിക - ശാരീരിക വെല്ലുവിളികൾ നേരിടുന്നതായാണ് തദ്ദേശസ്ഥാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നൂറ് ശതമാനം ഭരണകൂട നിർമ്മിതമായ ദുരന്തമാണ് കാസർകോട് ഉണ്ടായത്. സമാനമായൊരു സാഹചര്യം തത്തേങ്ങലത്തും നിലനിൽക്കുന്നുവെന്നതാണ് ഏറെ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം.

വിഷം പുരണ്ട ചരിത്രം

കൃഷി പ്രധാന വരുമാന മാർഗമായി ഇപ്പോഴും നിലനിൽക്കുന്ന പാലക്കാടൻ ഗ്രാമമാണ് മണ്ണാർക്കാട്. പശ്ചിമഘട്ട മലനിരകളിലേക്ക് നീളുന്ന അതിർത്തികൾ. പരുത്തിമല, മെഴുകുംപാറ, തത്തേങ്ങലം എന്നിങ്ങനെ ഗ്രാമത്തിന്റെ അടയാളമായ മലനിരകളിലേറെയും പ്ലാന്റേഷന്റെയും സ്വകാര്യവ്യക്തിയുടെയും തോട്ടങ്ങളാണ്. കശുവണ്ടിയും റബ്ബറുമാണ് കൃഷി. നിരോധനം ഏർപ്പെടുത്തും വരെ ഹെലികോപ്ടറിൽ എൻഡോസൾഫാൻ തളിച്ച മലഞ്ചെരിവാണിവിടം. അതിന്റെ ദുരിതം പേറി ജീവിക്കുകയാണ് ഇവിടെത്തയാളുകൾ.

തത്തേങ്ങലത്ത് 580 ഹെക്ടർ വിസ്തൃതിയുള്ള പ്ലാന്റേഷനിലെ തൊഴിലാളികളും പരിസരവാസികളും കാറ്റിൽ മണക്കുന്ന കീടനാശിനിയിൽ രോഗവും മരണവും പേടിച്ചാണ് ഇപ്പോഴും ഇവിടെ കഴിയുന്നത്. തത്തേങ്ങലം പ്ലാന്റേഷനിൽ 1986 മുതൽ 2000 വരെയുള്ള വർഷങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി പ്രയോഗം നടത്തിയിരുന്നു.

നിരോധനത്തെ തുടർന്ന് ബാക്കിവന്ന 304 ലിറ്റർ എൻഡോസൾഫാൻ 2014 ഒക്ടോബർ 12-നാണ് എച്ച്.ഐ.എല്ലിലെ പരിശീലനം ലഭിച്ച എട്ടംഗസംഘത്തിന്റെ നേതൃത്വത്തിൽ കാസർകോട്ട്‌ അവലംബിച്ച അതേ മാതൃകയിൽ പുതിയ ബാരലുകളിലേക്ക് മാറ്റിയത്.

പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റ് ഓഫീസിനു സമീപത്തെ മുറിയിൽ സുരക്ഷിതമായാണ് എൻഡോസൾഫാൻ സൂക്ഷിച്ചിരിക്കുന്നത് എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കാറ്റുള്ള സമയത്ത് രൂക്ഷമായ ഗന്ധമാണ് മുറിക്കുള്ളിൽ നിന്ന് വരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെയും തൊഴിലാളികളുടെയും എതിർപ്പുകളുണ്ടായിരുന്നെങ്കിലും 2014 ഡിസംബർ 12 ന് മുമ്പ് കീടനാശിനി ഇവിടെ നിന്ന് കൊണ്ടുപോയ്‌ക്കോളും എന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുനൽകിയിരുന്നു. പക്ഷേ, ആ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല നാളിതു വരെയായി ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. മേഖലയിൽ അടിയന്തരമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തണം. രോഗബാധിരെ കണ്ടെത്തി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചാൽ മാത്രമേ അവർക്ക് ആനൂകൂല്യവും മികച്ച ചികിത്സയും ലഭിക്കുകയുള്ളൂ. കാസർകോഡ് നടപ്പാക്കുന്ന പോലെ പ്രത്യേക പാക്കേജ് തത്തേങ്ങലത്തും നടപ്പാക്കണം. ഇനിയെങ്കിലും ഭരണകൂടം ഇവരുടെ നിശബ്ദ നിലവിളി കണ്ടില്ലെന്ന് നടിക്കരുത്.

പാതിവഴിയിലായ ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ്

'ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ് എന്ന പേരിട്ട് ഡോ. മുഹമ്മദ് അഷീൽ നോഡൽ ഓഫീസറായി വലിയ സന്നാഹങ്ങളോടെയായിരുന്നു 2014ൽ എൻഡോസൾഫാൻ ബാരലിൽ ആക്കിയത്. പത്തുലക്ഷം രൂപയാണ് അവർക്ക് അന്ന് പ്രതിഫലമായി നൽകിയത്. കീടനാശിനി നിർവീര്യമാക്കുന്നത് കൂടി ഉൾപ്പെട്ടതായിരുന്നു ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ്. എന്നാൽ, മുഴുവൻ പണവും വാങ്ങിപ്പോയവർ പിന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ആരോഗ്യവകുപ്പും ജില്ലാ കളക്ടറും ചേർന്നാണ് മുറി പൂട്ടി സീൽ ചെയ്തത്. ഇപ്പോൾ വർഷം ഏഴാകുമ്പോഴും കീടനാശിനി ഇവിടുന്ന് കൊണ്ടു പോകുന്നത് സംബന്ധിച്ച് യാതൊരു നടപടിയും ആയിട്ടില്ല. സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയി നിർമ്മാർജ്ജനം ചെയ്യാൻ തീരുമാനിച്ചെങ്കിലും യു.എൻ സുരക്ഷ മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയെ കണ്ടെത്താൻ സാധിക്കാത്തതാണ് എൻഡോസൾഫാൻ നിർമ്മാർജ്ജനം അനന്തമായി നീളാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

പ്ലാന്റേഷൻ ഓഫീസിന്റെ ഭാഗമായുള്ള ഒരു മുറിയിലാണ് എൻഡോസൾഫാൻ ബാരലിൽ സൂക്ഷിച്ചിട്ടുള്ളത്. തൊഴിലാളികളും ഓഫീസിലെ ജീവനക്കാരും നിരന്തരമായി ഈ മണം ശ്വസിക്കുന്നവരാണ്. തത്തേങ്ങലം പ്ലാന്റേഷനിലെ അഞ്ചു തൊഴിലാളികൾ ഈ കാലയളവിൽ ക്യാൻസർ ബാധിച്ചു മരിച്ചതായി ജീവനക്കാർ പറയുന്നു. ഇപ്പോഴത്തെ ജോലിക്കാരിൽ പലർക്കും സന്ധി വേദനയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായും അവർ ചൂണ്ടിക്കാട്ടുന്നു.

സ്‌ക്രീനിംഗ് ടെസ്റ്റ് ഫലം പൂഴ്‌ത്തി

മണ്ണാർക്കാട് തത്തേങ്ങലത്തേത് 2015 മെയ് മാസം നടത്തിയ എൻഡോസൾഫാൻ സ്‌ക്രീനിംഗ് ടെസ്റ്റ് ഫലം ആറുവർഷമാകുമ്പോഴും പുറത്തുവന്നിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. വിവരാവകാശ പ്രവർത്തകൻ പി.രാജീവിന് ലഭിച്ച മറുപടിയിൽ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. അതിനാൽ തുടർനടപടികളും ഭരണകൂടം സ്വീകരിച്ചിട്ടില്ല.

2015ൽ തത്തേങ്ങലത്തെ എൻഡോസൾഫാൻ ശേഖരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ സ്ക്രീനിംഗ് ക്യാമ്പിന്റെ സംഘാടനം മാത്രമാണ് ആരോഗ്യവകുപ്പ് നിർവഹിച്ചത്. പരിശോധനാ റിപ്പോർട്ട് ഇതുവരെയും തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ലഭ്യമായിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.

മണ്ണാർക്കാട് തത്തേങ്ങലം, ചീളിപ്പാടം എന്നിവിടങ്ങളിലായി നിരവധിയാളുകൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തല വലുതായവർ, കാലുകൾ വളഞ്ഞവർ, ശരീരം പകുതി തളർന്നവർ, ബുദ്ധിവൈകല്യമുള്ളവർ, കാൽമുട്ടിന് അസഹനീയ വേദനയുള്ളവർ, അപസ്മാരമുള്ളവർ എന്നിങ്ങനെ 50ലധികം ആളുകളുണ്ട്. രണ്ടിനും - 18 വയസിന് ഇടയിൽ പ്രായമുള്ളവരാണ് അധികവും.

റിപ്പോർട്ടുകൾ സർക്കാർ പരിഗണിച്ചില്ല

കാസർകോട് എൻഡോസൾഫാൻ ഇരകളെ ചികിത്സിക്കുന്ന ഡോ. ഡി.സുരേന്ദ്രനാഥ് 2014ൽ മണ്ണാർക്കാട് മേഖലകളിലെത്തി പ്രദേശത്തെ കുട്ടികളെ പരിശോധിച്ചിരുന്നു. കാസർകോട്ടെ കുട്ടികളിൽക്കണ്ട സമാനമായ ലക്ഷണങ്ങൾ ഇവിടെയും സംഘം കണ്ടെത്തിയിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെത്തിയ മറ്റൊരു വിദഗ്ധസംഘം മേഖലയിൽ ശാസ്ത്രീയ പഠനം വേണമെന്ന് സർക്കാരിന് റിപ്പോർട്ടും നൽകിയെങ്കിലും തുടർനടപടിയൊന്നുമുണ്ടായില്ല.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മാന്യമായ അന്തസോടെയുള്ള ഒരു ജീവിതം ഇവർക്കും ലഭിക്കാനുള്ള നയപരമായതും നീതിയുക്തവുമായൊരു തീരുമാനം സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALAKKADU DIARY, ENDOSULFAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.