Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

കർഷക രക്ഷാ പാക്കേജ് പ്രശ്നം മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറിയെ കുടഞ്ഞു

pinarayi-vijayan

തിരുവനന്തപുരം: ജപ്തിഭീഷണിയിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ രക്ഷയ്ക്കായി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പ്രഖ്യാപിച്ച പാക്കേജിന്റെ ഉത്തരവിറക്കാത്തതിന് ചീഫ്സെക്രട്ടറി ടോം ജോസിനെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിശിതമായി വിമർശിച്ചു. റവന്യൂ മന്ത്രിയും സ്വരം കടുപ്പിച്ച് സംസാരിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പേ മന്ത്രിസഭാതീരുമാനം നടപ്പാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഫയലിൽ കുറിച്ചിട്ടും അത് പാലിക്കാത്തതാണ് മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും ചൊടിപ്പിച്ചത്. മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനമുയർന്നിട്ടും മൊറട്ടോറിയ ഉത്തരവിന്റെ ഫയൽ തിരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ്സമിതി ഇനിയും തീരുമാനിച്ചിട്ടില്ല. തിങ്കളാഴ്ചകളിൽ ചേരുന്ന സ്ക്രീനിംഗ്സമിതിയുടെ അടുത്ത യോഗത്തിന്റെ അജൻഡയിലും ഇതുവരെ വിഷയമില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് ഈ മാസം പത്തിനാണ്. അഞ്ചാം തീയതി ചേർന്ന മന്ത്രിസഭായോഗമാണ് കർഷകർ എടുത്ത എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാക്കുന്നതുൾപ്പെടെയുള്ള പാക്കേജ് അംഗീകരിച്ചത്. ഇന്നലെ മന്ത്രിസഭായോഗത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് വിഷയമുന്നയിച്ചത്.

മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ

പതിവനുസരിച്ച് ആറാം തീയതി ബുധനാഴ്ച ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഒരു ദിവസം നേരത്തേയാക്കിയത് എന്തിനാണെന്ന് ചീഫ് സെക്രട്ടറിക്ക് വല്ല ബോദ്ധ്യവുമുണ്ടോ? രോഷത്തോടെ മുഖ്യമന്ത്രിയുടെ ആദ്യ ചോദ്യം ഇതായിരുന്നു.

രണ്ടാം ചോദ്യം

മന്ത്രിസഭാതീരുമാനത്തിൽ 48 മണിക്കൂറിനകം ഉത്തരവിറങ്ങിയിരിക്കണമെന്നതിൽ ചീഫ് സെക്രട്ടറിക്ക് വല്ല നിശ്ചയവുമുണ്ടോ?

മൂന്നാംചോദ്യം

കർഷക ആത്മഹത്യകളുണ്ടായ സാഹചര്യത്തിൽ സർക്കാർ എടുത്ത തീരുമാനത്തിലും അത് നടപ്പാക്കാനുള്ള മന്ത്രിയുടെ നിർദ്ദേശത്തിലും ഉത്തരവ് വൈകിപ്പിച്ചതെന്തിനാണ്?

നാലാംചോദ്യം

കാർഷിക കടാശ്വാസപരിധി ഉയർത്തുന്നതടക്കമുള്ളവയിൽ തുടർനടപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി നിർദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ്സമിതി അത് വേണ്ടെന്ന് വച്ചതിന്റെ കാരണമെന്ത്?

ചീഫ് സെക്രട്ടറിയുടെ മറുപടി

നേരത്തേ ഇറക്കിയ കാർഷികവായ്പാ മൊറട്ടോറിയത്തിന്റെ കാലാവധി ഒക്ടോബർ 31 വരെയുണ്ട്. അതുകൊണ്ടാണ് പുതിയ മൊറട്ടോറിയ ഉത്തരവ് ഇപ്പോൾ ഇറക്കാതിരുന്നത്.

റവന്യൂമന്ത്രിയുടെ വിമർശനം

സൂര്യപ്രകാശത്തെ മുറം കൊണ്ട് മറയ്ക്കുന്നത് പോലെയായി ഈ വിശദീകരണമെന്നായി അപ്പോൾ മന്ത്രി ഇ. ചന്ദ്രശേഖരൻ. മുറം കൊണ്ട് മറയ്ക്കുന്ന വ്യക്തിയുടെ മുഖത്ത് മാത്രമേ സൂര്യപ്രകാശം ഏൽക്കാതിരിക്കൂ. മറ്റുള്ളവർക്ക് വെയിലേൽക്കുന്നത് തടയാനാകില്ല. തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷത്തിന് ആയുധമിട്ട് നൽകിയെന്ന കുറ്റപ്പെടുത്തലുകളും ചില മന്ത്രിമാരിൽ നിന്നുണ്ടായി.

വിശദീകരണം ഒഴികഴിവ്

ചീഫ് സെക്രട്ടറി നൽകിയ വിശദീകരണം ഒഴികഴിവ് മാത്രമായാണ് സർക്കാർവൃത്തങ്ങൾ കാണുന്നത്. കർഷകരെടുത്തിട്ടുള്ള കാർഷികാവശ്യത്തിന് മാത്രമുള്ള വായ്പകൾക്കാണ് നിലവിലെ മൊറട്ടോറിയം. പ്രളയദുരന്ത കാലത്ത് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നേരിട്ടെടുത്ത തീരുമാനമാണിത്. കർഷകരെടുത്ത മറ്റ് വായ്പകളെയും ഉൾപ്പെടുത്തി മൊറട്ടോറിയത്തിന്റെ പരിധി വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് പുതിയത്. കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തുന്നതടക്കം കൃഷിവകുപ്പ് ഇറക്കിയ നിർദ്ദേശങ്ങളിൽ തുടർനടപടി വേണ്ടെന്ന് നേരത്തേ ചീഫ് സെക്രട്ടറിയും റവന്യൂ പ്രിൻസിപ്പൽസെക്രട്ടറിയും തീരുമാനിച്ചിരുന്നു. ഇത് തിരുത്തിയാണ് നടപടി വേഗത്തിലാക്കാൻ റവന്യൂമന്ത്രി ഫയലിൽ കുറിച്ചത്. അതാണ് നടപ്പാക്കാതിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA