കടലുണ്ടി: കൊവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെ കടലുണ്ടിക്കടവ് കടലോരം സന്ദർശകരുടെ തിരക്കേറി. കടലുണ്ടി ,വളളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിനു സമീപമുള്ള ഈ കടലോരത്തേക്ക് ദൂരദിക്കുകളിൽ നിന്നു പോലും വിനോദസഞ്ചാരികളെത്തുന്നുണ്ട്. ഉച്ചകഴിയുന്നതോടെ കടലുണ്ടിക്കടവു പാലത്തിനടുത്തുള്ള റോഡുകളുടെ ഇരുവശവും സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും ഇവിടെ നിറയുന്നു. അറബിക്കടലും കടലുണ്ടിപ്പുഴയും സംഗമിക്കുന്ന സ്ഥലമാണിത്. കടലിലേക്കു തള്ളി നിൽക്കുന്ന പാറക്കെട്ടുകളും പുഴയോരത്തെ വിശാലമായ മണൽത്തിട്ടയും കടലുണ്ടിക്കടവിന്റെ സവിശേഷതയാണ്. കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ ഹരിതാഭയും ദേശാടന പക്ഷികളുടെ സാന്നിദ്ധ്യവും സന്ദർശകരെ ഇവിടേക്കാകർഷിക്കുന്ന മറ്റു ഘടകങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |