# ജനകീയ ഹോട്ടലുകൾ ഗൂഗിൾ മാപ്പിൽ
ആലപ്പുഴ: വിലകുറച്ച് വിശപ്പകറ്റുന്ന കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലകൾ ഗൂഗിൾ മാപ്പിലും ഇടംനേടി. ഹോട്ടലുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാവുമായി. ചേച്ചിമാരുടെ ഭക്ഷണ രുചി തേടി ആരും ഇനി അലയേണ്ട, സ്മാർട്ട് ഫോണിൽ വിരലമർത്തിയാൽ അടുത്തുള്ള ജനകീയ ഹോട്ടലുകൾ ഗൂഗിൾ മാപ്പിൽ തെളിയും.
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് പ്രത്യേക ഗ്രേഡിംഗ് നിശ്ചയിച്ച് നൽകിയിട്ടുണ്ട്. എപ്ലസ്, എ, ബി, സി, ഡി, ഇ എന്നിങ്ങനെയാണ് ഗ്രേഡിംഗ്. ജില്ലയിലെ ഹോട്ടലുകളിൽ മൂന്നിലൊന്നിനും ഉന്നത ഗ്രേഡാണുള്ളത്. ഹോട്ടലുകളുടെ പ്രവർത്തന ക്ഷമതയും നിലവാരവും അടിസ്ഥാനമാക്കിയാണ് ഗ്രേഡിംഗ്.
ശുചിത്വം, വിഭവങ്ങളുടെ വൈവിദ്ധ്യം, ഗുണമേന്മ, പ്രവർത്തന സമയം, വിറ്റുവരവ്, കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും അവസ്ഥ എന്നിവയായിരുന്നു മാനദണ്ഡങ്ങൾ. 90ന് മുകളിൽ മാർക്ക് ലഭിച്ച ഹോട്ടലുകൾക്കാണ് എ പ്ലസ് ലഭിച്ചത്. 80ന് മുകളിൽ മാർക്ക് ലഭിച്ചവർക്ക് എ ഗ്രേഡും ലഭിച്ചു. 60നും അതിന് മുകളിലും ബി ഗ്രേഡ്. 60ന് താഴെ സി. 50ന് താഴെ ഡി. ഇതിന് താഴെ ഇ. എന്നിങ്ങനെയാണ് തരംതിരിച്ചത്. കൊവിഡ് മൂലം രണ്ട് ഹോട്ടലുകൾ ജില്ലയിൽ ഗ്രേഡ് ചെയ്തിട്ടില്ല.
ജനകീയ ഹോട്ടലുകൾ
ആകെ: 87
എപ്ലസ് ഗ്രേഡ്: 26
എ: 36
ബി: 0
സി: 4
ഡി: 0
ഇ: 19
സ്ത്രീ ശക്തി ഇങ്ങനെ
1. ഫെബ്രുവരിയിലെ ബഡ്ജറ്റിലാണ് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ആയിരം ജനകീയ ഹോട്ടലെന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്
2. തുടർന്നത് കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി
3. നിർദ്ധനർക്ക് ഭക്ഷണം സൗജന്യമായി നൽകും
4. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരുടെ ടീമും സി.ഡി.എസ് ചെയർപേഴ്സൺമാരുടെ നേതൃത്വത്തിൽ അയൽക്കൂട്ടം അംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് പ്രവർത്തനം
5. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും സഹായവും പിന്തുണയുമായി കൂടെയുണ്ട്
6. സിവിൽ സപ്ലൈസ് വകുപ്പ് അരി 10.90 രൂപയ്ക്ക് റേഷൻ കടകളിൽ നിന്ന് നൽകും
7. കുടുംബശ്രീ അംഗങ്ങളാണ് ഏകോപനവും നടത്തിപ്പും
''
സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ഹോട്ടലുകൾ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തുന്നത്. ഇതോടെ ജനകീയ ഹോട്ടലുകളിൽ തിരക്കും വർദ്ധിച്ചു. അടുത്ത ലക്ഷ്യം എല്ലാ ഹോട്ടലുകളും എപ്ലസ് നിലവാരത്തിൽ എത്തിക്കുകയെന്നതാണ്.
ജി. സുരേഷ്, എ.ഡി.എം.സി.എം
കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |