തൃശൂർ : ഇളവുകൾ പ്രാബല്യത്തിലായതോടെ, മെഡിക്കൽ കോളേജിൽ രോഗികളുടെ തിക്കും തിരക്കും. ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടി ഒ.പിയിലെത്തുന്നത്. കാർഡിയോളജി വിഭാഗം, അനസ്‌കസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പർമനോളജി, കുട്ടികളുടെ വിഭാഗം എന്നിവിടങ്ങളിലും നെഞ്ചുരോഗാശുപത്രി, കാൻസർ വിഭാഗം എന്നിവിടങ്ങളില്ലെല്ലാം വലിയ തിരക്കാണ്.
നിയന്ത്രണമുള്ളപ്പോൾ ദിവസേന ഒ.പികളിൽ ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലാണ് രോഗികളെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി നാലായിരത്തോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. ഇന്നലെ കാർഡിയോളജി വിഭാഗത്തിൽ നൂറ് കണക്കിന് പേരാണ് ചികിത്സ തേടിയെത്തിയത്. ഒ.പി ടിക്കറ്റ് നൽകുന്ന സമയവും എതാനും ആഴ്ചകൾക്ക് മുമ്പ് ദീർഘിപ്പിച്ചിരുന്നു.
കൊവിഡ് നിയന്ത്രണമുള്ളതിനാൽ ഭൂരിഭാഗം പേരും കഴിഞ്ഞ കുറെ മാസമായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. ഇത് കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് പലർക്കും ഉണ്ടാക്കിയിരുന്നത്. പാലക്കാട്, തൃശൂർ , മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും. മെഡിസിൻ വിഭാഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചത് മൂലം സൗകര്യങ്ങളില്ലെന്ന പരാതി ബന്ധപ്പെട്ട വിഭാഗത്തിന്റെ മേധാവികൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ സൗകര്യം പോലും മെഡിക്കൽ കോളേജിൽ ഇല്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.
കാൻസർ വിഭാഗത്തിലും തിരക്ക്
നെഞ്ച് രോഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാൻസർ വിഭാഗത്തിലും രോഗികളുടെ തിരക്ക് വർദ്ധിച്ചു. കൊവിഡ് കാലത്തും കാൻസർ വിഭാഗത്തിൽ നിയന്ത്രണം വരുത്തിയിരുന്നില്ല. കൊവിഡ് രൂക്ഷമായ കാലഘട്ടത്തിൽ പോലും 100 നും 150 നും ഇടയിൽ രോഗികൾ കാൻസർ വിഭാഗത്തിലെത്തിയിരുന്നു. ഇപ്പോൾ 250 ഓളം പേരെത്തുന്നുണ്ടെന്ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് പറഞ്ഞു. വരുന്നവർക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കിടത്തി ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്ക് വരുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും 48 മണിക്കൂറിനുള്ളിൽ ചെയ്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അടിയന്തര കേസുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്ക് വിധേയരാകണം.