തൃശൂർ: കളക്ടറേറ്റ് കെട്ടിടം ബോംബുവച്ച് തകർക്കുമെന്ന് ഫോണിലൂടെ വ്യാജഭീഷണി സന്ദേശം മുഴക്കിയയാൾ അറസ്റ്റിൽ. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് (51) ടൗൺ വെസ്റ്റ് എസ്.ഐ കെ.ആർ. റെമിൻ അറസ്റ്റ് ചെയ്തത്.
അയ്യന്തോളിലെ കളക്ടറേറ്റ് കെട്ടിടം പെട്രോൾ ബോംബ് വച്ച് തകർക്കുമെന്ന് ടോൾ ഫ്രീ നമ്പറായ 112ലേക്കാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും സന്ദേശം, ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഇയാൾ സ്ഥിരം മദ്യപാനിയും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണ്. ഇയാൾക്കെതിരെ കുന്നംകുളം, ടൗൺ ഈസ്റ്റ്, തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |