തൃശൂർ : കളിയരങ്ങിലെ താളം വിട ചൊല്ലി. ഒരു മാസം മുമ്പാണ് ആ ഈണം ചാലിച്ച കുലുങ്ങിച്ചിരിയുമായി നെടുമുടി വേണു, 'അന്തർമുഖനായല്ലേ' എന്ന ചോദ്യവുമായി തിരൂർ സ്വദേശിയായ വി.കെ ഹംസയുടെ ഫോണിന്റെ അങ്ങേത്തലയ്ക്കലെത്തിയത് .
ആദ്യകാലത്തെ സിനിമ എഴുത്തുകാരനായ തിരൂർ സ്വദേശിയായ വി.കെ ഹംസയുടെ നെടുമുടിയുമൊത്തുള്ള സ്മരണകളേറെയാണ്. ജി. അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിന്റെ ചിത്രീകരണ കാലം തൊട്ടേയുള്ള ബന്ധമായിരുന്നു വി.കെ ഹംസയും നെടുമുടിയും തമ്മിൽ.
ആ കാലത്തെ നടീനടന്മാരെ കുറിച്ചും സിനിമകളെ കുറിച്ചും സിനിമാ മാസികകളിൽ എഴുതിയിരുന്നവരിൽ ശ്രദ്ധേയനായിരുന്നു ഹംസ. സംവിധായകൻ മോഹന്റെ മിക്കവാറും ചിത്രങ്ങളിലെ മുഖ്യകഥാപാത്രം ഹംസ പറഞ്ഞു. വിടപറയും മുമ്പേയിലെ സേവ്യർ, ആലോലത്തിലെ കുട്ടൻ തമ്പുരാൻ, ഇളക്കങ്ങളിലെ അനിയൻ, മംഗളം നേരുന്നൂവിലെ രവീന്ദ്രനാഥൻ, ഇസബല്ലയിലെ ഗൈഡ് അങ്ങനെയങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
ആലോലത്തിന്റെ ചിത്രീകരണ വേളയിലാണ് മോഹൻ, അനുപമ മോഹൻ, ഭരത് ഗോപി എന്നിവരൊന്നിച്ച് ചെറുതുരുത്തിയിൽ എന്റെ ഭാര്യ കലാമണ്ഡലം കദീജയുടെ വീട്ടിൽ നെടുമുടിയെത്തുന്നത്. ചുമ്മാ വന്നു പോവുകയായിരുന്നില്ല. വീട്ടിലെ മൺകുടത്തിൽ താളം പിടിച്ചും നാടൻപാട്ടും കവിതകളും ആലപിക്കുകയായിരുന്നു. കൂടെ പാടാൻ ഭരത് ഗോപിയും. ഈ ഓർമ്മകളിൽ നിന്നാണ് നെടുമുടിയെക്കുറിച്ച് എന്തെഴുതുമ്പോഴും 'കളിയരങ്ങിലെ താളം 'എന്ന് ഞാൻ വിശേഷിപ്പിക്കാനാരംഭിച്ചത്.
തൃശൂരുമായി നെടുമുടി വേണുവിനുള്ള ബന്ധമേറെയാണ്. പ്രമുഖ സിനിമാ നിർമ്മാതാക്കളായ ഗുഡ്‌നൈറ്റിന്റെ നിരവധി ചിത്രങ്ങളിലാണ് നെടുമുടി അഭിനയിച്ചത്. സർഗ്ഗം, സ്ഫടികം, ഇസബ്ബെല്ല, ചക്കിക്കൊത്ത ചങ്കരൻ, മായാമയൂരം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേണുവുണ്ടായിരുന്നു. മോഹൻ, രാജു എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഗുഡ്‌നൈറ്റ് ഫിലിംസും ഷോഗൺ ഫിലിംസും. തൃശൂർക്കാരായ ഭരതൻ, കെ.പി.എ.സി ലളിത, ഇന്നസെന്റ്, മോഹൻ, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങി നിരവധി പേരുമായി ഏറെയടുപ്പമായിരുന്നു. ഭരതൻ സ്മൃതി ചടങ്ങിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.