ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം.
മലയോരത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ കുട്ടനാട്, ചെങ്ങന്നൂർ, ഹരിപ്പാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നേക്കുമെന്ന് യോഗം വിലയിരുത്തി. എം.എൽ.എമാരുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
വാർഡ് തലത്തിൽ ജനകീയ സമിതികൾ ചേരണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. പാലങ്ങൾക്ക് താഴെ അടിയുന്ന മാലിന്യങ്ങളും തടികളും അടിയന്തരമായി നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ജലസേചന വകുപ്പിനെയും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിയെയും ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബിയും ജാഗ്രത പുലർത്തണം.
ജില്ലാ കളക്ടർ എ. അലക്സാണ്ടറും വിവിധ വകുപ്പ് മേധാവികളും മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, തോമസ്.കെ.തോമസ്, പി.പി. ചിത്തഞ്ജൻ, എച്ച്. സലാം, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, മന്ത്രി പി. പ്രസാദിന്റെ പ്രതിനിധി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
തയ്യാറെടുപ്പുകൾ
1. കൈനകരി, വീയപുരം പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാൻ സുസജ്ജം
2. കൊവിഡ് സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കാൻ പ്രാദേശിക കേന്ദ്രങ്ങൾ ഒരുക്കും
3. അടിയന്തര സാഹചര്യത്തിൽ സന്നദ്ധ സേവനത്തിന് മത്സ്യത്തൊഴിലാളികൾ സജ്ജം
4. മൊബൈൽ മെഡിക്കൽ ടീമുകൾ, ആംബുലൻസ്, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കി
""
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് സമയബന്ധിതമായി പൂർത്തീകരിച്ച് സർക്കാരിന് സമർപ്പിക്കുന്നതിന് താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ച് റവന്യു വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കും.
സജി ചെറിയാൻ, മന്ത്രി