# അന്യസംസ്ഥാന പച്ചക്കറികളിൽ നിരോധിത കീടനാശിനികൾ
ആലപ്പുഴ: അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും നിരോധിച്ച കോക്ടെയിൽ കീടനാശിനികൾ വ്യാപകമായി തളിക്കുന്നതായി കണ്ടെത്തി. കാർഷിക സർവകാലാശാലയുടെ 'സേഫ് ടു ഈറ്റ്' പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തായത്.
2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള പരിശോധനാ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വർഷങ്ങളായി കേരളത്തിൽ നിരോധിച്ചിട്ടുള്ള ഉഗ്രവിഷമുള്ള കീടനാശിനികളുടെ മിശ്രിതമാണ് ഫലങ്ങളിൽ തളിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികളിലും ഫലവർഗങ്ങളിലുമാണ് വിഷാംശം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. മല്ലിയില, കറിവേപ്പില, പച്ചമുളക്, പടവലം, വെണ്ട, തക്കാളി, പുതിനയില, കാപ്സിക്കം (പച്ച, ചുവപ്പ്), കത്തിരി, സാമ്പാർ മുളക് എന്നിവയിലാണ് 'കോക്ടെയിൽ' പ്രയോഗം കൂടുതലായുള്ളത്. മുന്തിരിയിലും (കറുപ്പ്, പച്ച) വിഷാംശം കണ്ടെത്തിയിട്ടുണ്ട്.
ജനിതകരോഗങ്ങൾ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പ്രൊഫെനോഫോസിന്റെ സാന്നിദ്ധ്യം തുടർച്ചയായ പരിശോധനകളിൽ സ്ഥിരീകരിച്ചത് ഗൗരവകരമാണെന്നും വിദഗ്ദ്ധർ
ചൂണ്ടിക്കാണിക്കുന്നു.
മാരകം കോക്ടെയിൽ
മുൻ വർഷങ്ങളിലെ പരിശോധനകളിൽ തുടർച്ചയായി കണ്ടെത്തിയിരുന്ന അസഫേറ്റ്, ഇമിഡാക്ലോപ്രിഡ്, ലാംബ്ഡാ സൈഹാലോത്രിൻ, സൈഫൽത്രിൻ എന്നിവയ്ക്കൊപ്പം ഫെനസാക്വിൻ, ക്ലോത്ത്യാനിഡിൻ, തയോമെതോക്സാം ട്രൈഫ്ളോക്സിസ്ട്രോബിൻ, ടെബുകൊണാസോൾ, പൈറക്ലോസ്ട്രോബിൻ, അസോക്സിസ്ട്രോബിൻ, മെറ്റാലാക്സിൽ, ഹെക്സാകൊണാസോൾ, ട്രൈസൈക്ലാസോൾ തുടങ്ങിയ പുതുനിര കീടനാശിനികളും ചേർത്താണ് കൃഷിയിടങ്ങളിൽ തളിക്കുന്നത്.
ഐറ്റം, ശേഖരിച്ച സാമ്പിൾ, കീടനാശിനി കണ്ടെത്തിയത്, വിഷം ശതമാനത്തിൽ)
മല്ലിയില - 21 - 12 - 57.14 %
പച്ചമുളക് - 34 - 23 - 67.64
കറിവേപ്പില - 15 - 4 - 26.6
പുതിനയില - 15 - 9 - 60
തക്കാളി - 33 - 8 - 24.24
പച്ച കാപ്സിക്കം - 17 - 15 - 88.2
ചുവപ്പ് കാപ്സിക്കം - 3 - 3 - 100
കറുത്ത മുന്തിരി - 8 - 5 - 62.5
പച്ച മുന്തിരി - 8 - 8 - 100
''
ചില കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് വഴി തെളിക്കും. അർബുദത്തിനൊപ്പം കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെയും ബാധിക്കും. ശ്വാസതടസം, അവയവങ്ങൾക്ക് നാശം, ത്വക് രോഗം എന്നിവയ്ക്കും കാരണമാകും.
ഡോ. ബി. പദ്മകുമാർ, മെഡിസിൻ വിഭാഗം പ്രൊഫസർ
ആലപ്പുഴ മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |