പത്തനംതിട്ട : സ്വകാര്യ ബസുകൾക്ക് ഇത് കാലക്കേടിന്റെ സമയമാണ്. കൊവിഡ് കാരണം യാത്രക്കാരുടെ കുറവ്, ഡീസൽ , സ്പെയർ പാർട്സ്, ടയർ, ഓയിൽ എന്നിവയുടെ വില വർദ്ധന, ഇതെല്ലാം കാരണം ഭൂരിഭാഗം ബസുകളും റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥ.
രണ്ടു ഘട്ടങ്ങളായി ഉണ്ടായ ലോക്ക് ഡൗൺ കാരണം ബസുകളുടെ ടയറുകൾ, ബാറ്ററികൾ എന്നിവ പൂർണമായി നശിച്ചു. ഇൻഷുറൻസ് പുതുക്കേണ്ടതിനാലും വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായത്. മിനിമം യാത്രാനിരക്ക് എട്ട് രൂപയായി നിശ്ചയിച്ച 2018 ൽ ഡീസലിന് 64 രൂപയാണ് വില ഉണ്ടായിരുന്നത്. ഇന്ന് 93 രൂപയിലെത്തി . മിനിമം ബസ് നിരക്ക് ഇന്നും എട്ട് രൂപ തന്നെയാണ്. വിദ്യാർത്ഥികളുടെ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കണമെന്നുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടുകൾ ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. കൊവിഡ് കാലം കഴിയുന്നതുവരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി കൊടുക്കണമെന്നുള്ള ജസ്റ്റീസ് രാമചന്ദ്രൻ റിപ്പോർട്ട് പ്രകാരം ജൂൺ 21 വരെ മാത്രമാണ് നികുതിയിളവ് നൽകിയത്. ജൂലൈ മുതലുള്ള നികുതി അടയ്ക്കാൻ സാവകാശം മാത്രമാണ് സർക്കാർ നൽകിയത്. ജി ഫോം നൽകിയിരിക്കുന്ന ബസുകൾ പലതും കിടന്നുനശിക്കുകയുമാണ്.
അനിശ്ചിതകാല സമരം
പത്തനംതിട്ട : സ്വകാര്യ ബസ് ഉടമകൾ 9 മുതൽ അനിശ്ചിതകാല സമരം നടത്തും. സമരത്തിന് മുന്നാടിയായി ബസുടമ സംയുക്ത സമിതി നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും.
കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് തകർച്ചയിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ദിനംപ്രതി ഉണ്ടാകുന്ന ഡീസൽ വിലവർദ്ധനവ് കാരണം സർവീസ് നടത്താനാവാതെ വിഷമിക്കുകയാണന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുവാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും ചേർന്നുള്ള ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് സമരം.
ഇന്ന് രാവിലെ 10.30 ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന ധർണ നഗരസഭ ചെയർമാൻ ടി .സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ലാലു മാത്യു, ചെയർമാൻ സി. മനോജ്കുമാർ, വൈസ് പ്രസിഡന്റ് ബി. ശ്രീകുമാർ , ആർ. ഷാജികുമാർ എന്നിവർ പങ്കെടുത്തു.
ഡീസൽ വില
2018 ൽ 64 രൂപ
2021 ൽ 93 രൂപ
ബസ് ചാർജ് മിനിമം നിരക്ക് : 8 രൂപ
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ എം.എൽ. എമാർക്കും നിവേദനം നൽകിയതാണ്. ആവശ്യങ്ങളൊന്നും നടപ്പാക്കാതെ വന്നതാടെയാണ് 9 മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരമാനിച്ചത്.
ബസ് ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |