ആലപ്പുഴ : സാമൂഹ്യവിരുദ്ധർ താവളമാക്കിയിരുന്ന കളർകോട് താനാകുളം പരിസരം നാട്ടുമാവുകളുടെ തോട്ടമാക്കി മാറ്റാൻ മുന്നിട്ടിറങ്ങി ചെറുപ്പക്കാരുടെ കൂട്ടായ്മ. മൂന്ന് ഏക്കർ വരുന്ന കുളത്തിന് ചുറ്റുവട്ടം കാട് പിടിച്ച് കിടക്കുന്ന നിലയിലായിരുന്നു. ഇവിടെ മദ്യപസംഘങ്ങൾ താവളമടിച്ചതോടെ, ഇരുട്ടുവീണാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി സഞ്ചരിക്കാൻ ഭയമായിരുന്നു. എസ്.ഡി കോളേജിന്റെ വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്നതും ഈ കുളത്തിന്റെ സമീപത്താണ് . സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതോടെയാണ് ഒരുപറ്റം ചെറുപ്പക്കാർ ചേർന്ന് ടീം താനാകുളം രൂപീരിച്ച് മുന്നിട്ടിറങ്ങിയത്. കൂട്ടായ്മയുടെ ആദ്യ പ്രവർത്തനമായി അംഗങ്ങൾ ചേർന്ന് പണം സ്വരൂപിച്ച്, കാടുകയറിക്കിടന്ന കുളത്തിന്റെ ചുറ്റുവട്ടം വൃത്തിയാക്കി. നാല് ദിവസം നാല് ജെ.സി.ബിയും 15 ജോലിക്കാരെയും ഉപയോഗിച്ചാണ് ചുറ്റുവട്ടം നവീകരിച്ചത് . 1.25 ലക്ഷം രൂപ ഇതിന് ചിലവായി. എന്നാൽ, ഇതിനുശേഷം വീണ്ടും കാടുപിടിക്കുന്ന സ്ഥിതി വന്നതോടെയാണ് തോട്ടം ഒരുക്കുക എന്ന ആശയത്തിലെത്തിയത്. അങ്ങനെ ആദ്യഘട്ടമായി വിവിധ ഇനം നാട്ടുമാവുകളുടെ തൈകളും അലങ്കാരപ്പനയുടെ തൈകളും നട്ടുപിടിപ്പിച്ചു. ഇനിയും വിവിധ പദ്ധതികൾ കൂട്ടായ്മയിലെ അംഗങ്ങളുടെ മനസിലുണ്ട്.
ആദ്യ ഘട്ടത്തിൽ
നാട്ടുമാവിന്റെ തൈകളും അലങ്കാരപ്പനകളും നട്ടുപിടിപ്പിച്ചു.
നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സിൽ നിന്ന് തൈകൾ ശേഖരിച്ചു
കരിമീൻകണ്ണി,മഠത്തിൽ പുളിശേരി മാങ്ങ,ആനപുളിയൻ,ശർക്കരകട്ടി എന്നീ ഇനങ്ങൾ
എല്ലാ ഞായറാഴ്ചയും രാവിലെ 7മുതൽ 9 വരെ തെകളുടെ പരിപാലനം
വിവിധങ്ങളായ പദ്ധതികൾ
ശലഭോദ്യാനം, ഔഷധോദ്യാനം ,നക്ഷത്രവനം എന്നിവ വരുംനാളുകളിൽ ഒരുക്കാനുള്ള ശ്രമത്തിലാണ് ടീം അംഗങ്ങൾ. നാട്ടുമാവിനങ്ങൾ ശരിായി പരിപാലിക്കുന്നതിൽ വിജയിച്ചാൽ ഏറ്റവുമധികം വ്യത്യസ്ത ഇനം നാട്ടുമാവുകൾ സംരക്ഷിക്കുന്ന ആദ്യ സ്ഥലമായി കളർകോട് താനാകുളം മാറും.ഓപ്പൺ ജിം ,തുറന്ന ലൈബ്രറി എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
ടീം താനാകുളം അംഗങ്ങൾ..............100
ഉദ്യാനത്തിൽ
നാട്ടുമാവിൻ തൈകൾ.........................60
അലങ്കാരപ്പനകൾ................................100
''സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന താനാകുളം പരിസരം ഇനി നാട്ടുമാവുകളുടെ സംരക്ഷിത ഇടമാകും. ഇത് ഒരു വ്യക്തിയുടെ സംരംഭമല്ല. ജനകീയ കൂട്ടായ്മയുടേതാണ്. കളർകോട് നിവാസികൾ മാത്രമല്ല മറ്റ് സ്ഥലങ്ങളിലുള്ളവരും ഈ ഉദ്യമത്തിൽ പങ്കാളികളാണ്. മാവുകൾ വളരുമ്പോൾ കുളത്തിലേക്ക് ഇലകൾ വീഴാതിരിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്
(രേണുനാഥ്, ടീം താനാകുളം അംഗം)