തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
തൊഴിലാളികളുടെ ശമ്പള കുടിശികയുമായി ബന്ധപ്പെട്ട ലോംഗ് ടേം എഗ്രിമെന്റ് അടിയന്തരമായി നടപ്പാക്കണം. തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് മാനേജ്മെന്റ് നിഷേധാത്മക നിലപാട് തുടർന്നാൽ നിയമാനുസൃതമായ നടപടികളുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ബോർഡ് യോഗം ചേർന്ന് ഫാക്ടറി തുറക്കാനുള്ള നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ നവജ്യോത് ഖോസ, തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ ങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |