പാലക്കാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ചളവറ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ ഐ.സി.പി നമ്പൂതിരിയുടെ ഓർമ്മക്കായി ചളവറ പഞ്ചായത്ത് ഏർപ്പെടുത്തിയ ഐ.സി.പി സ്മാരക പുരസ്കാരത്തിന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയെ തിരഞ്ഞെടുത്തതായി ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യമേഖലയിലെ ഭരണനിർവഹണം, ഏകോപനം, പ്രതിരോധ ചികിത്സാമേഖല എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിയെന്ന നിലക്കാണ് പ്രഥമ പുരസ്കാരം കെ.കെ. ശൈലജക്ക് നൽകുന്നതെന്ന് ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. ഡോ. കെ.പി. അരവിന്ദൻ, ഡോ. ജോയ് ഇളമൺ, എൻ.ജഗ്ജീവൻ, വി.ടി. വാസുദേവൻ, ഡോ. സി.പി. ചിത്രഭാനു എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. 2022 ജനുവരി മൂന്നിന് രാവിലെ പത്തിന് പഞ്ചായത്ത് അംങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സ്പീക്കർ എം.ബി. രാജേഷ് നൽകും. അടുത്ത വർഷം മുതൽ ഐ.സി.പിയുടെ ഓർമ്മദിനമായ മേയ് 27ന് സംഘടിപ്പിച്ച് വരുന്ന ഐ.സി.പി സ്മൃതിയിൽ വച്ചാണ് പുരസ്കാരം നൽകുക. ഐ.സി.പിക്ക് ചളവറയിൽ സമുചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സംസ്കാരിക വകുപ്പുമായി ചർച്ച നടത്തി. രണ്ട് വർഷത്തിനകം സ്മാരക നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വാർത്താ സമ്മേളനത്തിൽ ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ. ഗീത, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ. അനിൽകുമാർ, കെ. രാജനാരായണൻ, സി.പി. ചിത്രഭാനു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |