തൃശൂർ: 1971 ലെ ഇന്ത്യാ - പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായും കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ആസാദീ കാ അമൃത് മഹോത്സവിന്റെ സന്ദേശം യുവാക്കളിലും കുട്ടികളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയും 75 പേരടങ്ങിയ ഇന്ത്യൻ നാവികസേനയുടെ സംഘം നടത്തുന്ന സൈക്കിൾ പര്യടനത്തിന് പൊലീസ് അക്കാഡമിയിൽ സ്വീകരണം നൽകി.
ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ മിസൈൽ വെസൽ സ്ക്വാഡ്രൻ 'കില്ലേഴ്സ്'ന്റെ അമ്പതാം വാർഷികവും 2021 ൽ നാവിക സേന ആചരിക്കുന്നുണ്ട്. പൊലീസ് അക്കാഡമിയിൽ നടത്തിയ സ്വീകരണം അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ടി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. നാവികസേന കമ്മഡോർ അനൂപ് പദ്മൻ പര്യടനത്തിന്റെ സന്ദേശം നൽകി. ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് പി.എസ്. രാകേഷ് , അസിസ്റ്റന്റ് ഡയറക്ടർ സോളമൻ, ലെഫ്റ്റനന്റ് കമാൻഡർ കൈലാഷ് പൈ തുടങ്ങിയവർ സംസാരിച്ചു. സൈക്കിൾ പര്യടനത്തിന്റെ അടുത്ത ലക്ഷ്യമായ കൊടുങ്ങല്ലൂരിലേക്കുള്ള പ്രയാണം അക്കാഡമി ഡയറക്ടർ പി. വിജയനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ആരിഫ് ഫ്ളാഗ് ഒഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |