കൊല്ലങ്കോട്: പുതുവത്സര ദിനത്തിൽ അഞ്ഞൂറിലധികം പോസ്റ്റ്കാർഡിലൂടെ ആശംസകൾ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും അയക്കുന്നത് ഇന്നും മുടക്കമില്ലാതെ തുടരുകയാണ് കൊല്ലങ്കോട് വെസ്റ്റ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ കെ. ശിവദാസ് (പ്രബുദ്ധൻ). രണ്ടര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഈ സന്ദേശമയക്കൽ സ്വഭാവത്തിന് വരുന്ന പുതുവർഷത്തിൽ 26 വർഷത്തെ പഴക്കമെത്തും.
കത്തെഴുത്തുകൾ കുറഞ്ഞുവരുന്ന ആധുനിക യുഗത്തിൽ വിലാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയ്ക്ക് അയ്ക്കുന്ന ആശംസാകാർഡുകൾ ഒരു മേൽവിലാസമായി മാറുകയാണ്. പ്രിയപ്പെട്ടവർക്കായി നൂറ് പോസ്റ്റ് കാർഡിൽ ചിത്രം വരച്ച് ചുരുങ്ങിയ ചെലവിൽ ആശംസാകാർഡ് തയ്യാറാക്കലിലൂടെയാണ് തുടക്കം.
ചിത്രരചനയും എഴുത്തും ശീലമാക്കിയ രാധിക ശിവദാസിന്റെ ജീവിത സഖിയായപ്പോൾ പ്രവർത്തനങ്ങൾക്ക് വേഗതയും സഹായവുമായി. നവംബർ ആദ്യവാരത്തിൽ തന്നെ കാർഡുകൾ വരച്ചു തുടങ്ങി. വരയിൽ താത്പര്യമുള്ളവരാണ് ശിവദാസിന്റെ മക്കളായ ആദ്യശ്രീ എസ്.ദാസും എസ്.ആദ്യാനന്ദും. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാം ക്ലാസിലാണ് ആദ്യശ്രി എസ്.ദാസ്. എസ്.ആദ്യാനന്ദ് അഞ്ചാം ക്ലാസിലും പഠിക്കുന്നു.
കാർഡുകളിൽ ഇവരുടെ വര സജീവമാണ്. ഓരോ വർഷത്തിലെ കാർഡുകളിൽ ഓരോ സന്ദേശം ഉണ്ടാവും. 'സേവ് ഹെൽത്ത്, സേവ് വെൽത്ത് ' എന്നാണ് ഇത്തവണത്തെ ആശംസാ കാർഡിൽ ഇടംപിടിച്ച സന്ദേശം. 29 വർഷത്തെ ഗ്രാമീണ തപാൽ ജീവിതത്തിൽ സ്നേഹ സന്ദേശമായാണ് ആശംസാ കാർഡുകൾ അയക്കുന്നത്.
ഫേസ് ബുക്കും വാട്സ് ആപ്പും അടക്കമുള്ള ആധുനിക സംവിധാനങ്ങളാണ് പുതുതലമുറയ്ക്ക് ഇപ്പോഴുള്ളത്. എന്നാൽ ഇന്നും പോസ്റ്റ് കാർഡിലൂടെ അയക്കുന്ന ആശംസാകാർഡുകൾ പ്രിയപ്പെട്ടവരുടെ കൈയ്യിൽ കിട്ടുമ്പോൾ ഉണ്ടാവുന്ന സന്തോഷം അമൂല്യമാണ്.
- ശിവദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |