കോഴിക്കോട് : കൊവിഡ് കാലത്തുണ്ടായ പഠന വിടവ് നികത്താൻ വിവിധ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കാൻ കോർപ്പറേഷൻ ആക്ഷൻ പ്ലാൻ. അദ്ധ്യാപക സംഘടനകൾ, അദ്ധ്യാപക-രക്ഷാകർതൃ സമിതി, വിദ്യാഭ്യാസ വിദഗ്ദ്ധർ, ശിശു മന:ശാസ്ത്രജ്ഞർ, സന്നദ്ധ പ്രവർത്തകർ, കലാ-കായിക, സാംസ്കാരിക പ്രവർത്തകർ, സർവശിക്ഷാ അഭിയാൻ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ വിപുലമായ യോഗം വിളിക്കും. വൈവിദ്ധ്യ പൂർണമായ പ്രവർത്തനങ്ങൾ തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾക്കുമായി വിവിധ തലത്തിലുള്ള യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ ചേരും. ആദ്യഘട്ടമെന്ന നിലയിൽ നഗരസഭാ പരിധിയിലെ പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ എന്നിവർ പങ്കെടുത്ത യോഗം പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർത്ഥികളെ പൊതുപരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും മികച്ച വിജയം നേടുന്നതിനുമായി വിപുലമായ പദ്ധതികൾ ആവിഷ്ക്കരിക്കും. വിജയോത്സവം പദ്ധതി കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചു നടപ്പിലാക്കും. യോഗത്തിൽ സി.ബിജുലാൽ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ, കൗൺസിലർമാരായ മുരളീധരൻ, അനുരാധ തോട്ടത്തിൽ, ഷീബ, മൈമൂനത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |