തിരുവനന്തപുരം: സംസ്ഥാന ഒളിമ്പിക് ഗെയിംസിനു മുന്നോടിയായുള്ള ജില്ലാതല (തിരുവനന്തപുരം) അത്ലറ്റിക് മീറ്റിൽ കേരള പൊലീസ് ഓവറോൾ ചാമ്പ്യന്മാരായി. വനിതാവിഭാഗത്തിൽ 43 പോയിന്റ് നേടിയാണ് കേരള പൊലീസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 39.8 പോയിന്റ് നേടിയാണ് പുരുഷന്മാരുടെ വിഭാഗത്തിൽ പൊലീസ് ഒന്നാം സ്ഥാനത്തെത്തിയത്. വനിതകളിൽ മാമൂട് ബ്രദേഴ്സ് ക്ലബും പുരുഷന്മാരിൽ യൂണിവേഴ്സിറ്റി സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥികളും (34.6 പോയിന്റ് ) റണ്ണറപ്പുകളായി. ഇരു വിഭാഗങ്ങളിലും കാഞ്ഞിരംകുളം പി.കെ.എസ് ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാംസ്ഥാനം.
പുരുഷന്മാരുടെ 100 മീറ്ററിൽ ഒന്നാമത് ഫിനിഷ് ചെയ്ത് കേരള പൊലീസിലെ അശ്വിൻ കെ.പി മീറ്റിലെ വേഗമേറിയ താരമായി. വനിതകളിൽ പൊലീസിന്റെ തന്നെ നിബ.എമ്മാണ് വേഗരാജ്ഞിയായത്. പുരുഷന്മാരുടെ ലോംഗ് ജമ്പിൽ 7.11 മീറ്റർ ചാടിയ മുഹമ്മദ് ആസിഫ് മിന്നും പ്രകടനം കാഴ്ചവച്ചു. അത്ലറ്റിക്സിൽ 31 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലയിലെ ജേതാക്കൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന പ്രഥമ സംസ്ഥാന ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കും .
വോളിയിൽ കെ.എസ്.ഇ.ബി
ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി പാരിപ്പള്ളി ജാസ് ഇൻഡോർ കോർട്ടിൽ നടന്ന വോളിബാൾ ചാമ്പ്യൻഷിപ്പിൽ കെ.എസ്.ഇ.ബി ചാമ്പ്യന്മാരായി. ഫൈനലിൽ കേരള പൊലീസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കെ.എസ്.ഇ.ബി കീഴടക്കിയത്.
മത്സരങ്ങൾ ഇന്ന് സമാപിക്കും
ഏഴു ദിവസം നീണ്ടുനിന്ന ജില്ലാ ഒളിമ്പിക് മത്സരങ്ങൾക്ക് ഇന്ന് സമാപനമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വൈകിട്ട് 4 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു സമ്മാനദാനം നിർവഹിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ് ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ്, പ്രസിഡന്റ് വി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |