ചേർത്തല: ചേർത്തലയിൽ നിന്ന് സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്ന ഒരുകൂട്ടം പ്രതിഭകളുടെ പ്രതീക്ഷയാണ് ഒ.ടി.ടി പ്ളാറ്റ് ഫോമിൽ നാളെ റിലീസ് ചെയ്യുന്ന വിഷ്ണുകാവ്യം എന്ന സിനിമ. അരങ്ങിലും അണിയറയിലും നായകനായ മകനൊപ്പം അച്ഛനും അമ്മയും വേഷമിടുന്നുവെന്നതും സിനിമയെ വ്യത്യസ്തമാക്കുന്നു.
നഗരസഭാ കൗൺസിലറായ ജോസഫ് വർഗീസിന്റെ (ബാബു മുള്ളൻചിറ) റെയ്സ് എന്റർടെയ്ൻമെന്റ് ബാനറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബാബു മുള്ളൻചിറയുടെ മകൻ യുവ ആയുർവേദ ഡോക്ടർ അലക്സ് ഷാരോൺ ബാബുവാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് തന്നെയാണ് മുഖ്യവേഷമായ വിഷ്ണുവായും എത്തുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് അമ്മ റോസ്ലിയാണ്. നായികയായി വേഷമിടുന്നത് ചേർത്തലക്കാരിയായ ശ്രുതിയാണ്. മറ്റ് കഥാപാത്രങ്ങളായെത്തുന്ന പ്രതീഷും, എബിയും, ശരത്തും തുടങ്ങി എല്ലാവരും ചേർത്തലയിൽ നിന്നുള്ളവർതന്നെ.
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് സിനിമയിൽ പറയുന്നത്. സിനിമ ചിത്രീകരിച്ചിരിക്കുന്നത് ചേർത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായാണ്. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
പ്രശാന്ത് മാധവാണ് കാമറ ചലിപ്പിക്കുന്നത്. വല്ലയിൽ സ്വദേശി അനുരാജ് ശരത്താണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സെബി നായരമ്പലത്തിന്റെ സംഗീതത്തിൽ രഞ്ജിത്ത് ജയരാമനാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഹൈ ഹോബ്സ് ഫിലിം ഫാക്ടറിക്കാണ് വിതരണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |