ചാരുംമൂട് : ഗ്രാമഞ്ചായത്ത് പ്രസിഡന്റിന്റെ പ്രോത്സാഹനത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും കൈകോർത്തതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്കൂൾ ബസുകൾ ഓട്ടം തുടങ്ങി.
പാലമേൽ ഗ്രാമ പഞ്ചായത്ത് കുടശനാട് ഗവ.എസ്.വി.എച്ച്.എസ്.എസിൽ കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി കയറ്റി ഇട്ടിരുന്ന 2 ബസുകളുടെ അറ്റകുറ്റപ്പണികളാണ് 3 ലക്ഷത്തോളം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചത്.
ബസുകളുടെ അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് ബി.വിനോദ് മുൻകൈയെടുത്ത് അദ്ധ്യാപകരുടെയും പി.ടി എ യുടെയും യോഗം വിളിച്ചാണ് ബസുകൾ ഓടിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. അദ്ധ്യാപകരുടെ സംഭാവനയായി രണ്ടു ലക്ഷത്തോളം രൂപ ലഭിച്ചു. രക്ഷകർത്താക്കളിൽ നിന്ന് ബാക്കി തുക ലഭിച്ചു.
കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ കെ.ബാബു, ഹെഡ്മിസ് ട്രസ് അനു റെയ്ച്ചൽ, പി.ടി.എ പ്രസിഡന്റ് ഉമ്മൻ തോമസ്, അദ്ധ്യാപകരായ സത്യജ്യോതി, റിഞ്ചു ജ്യോതി, ലക്ഷ്മി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
ബസുകളുടെ തുടർ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് പ്രസിഡന്റിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ രക്ഷകർത്താക്കളിൽ നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ഫണ്ട് കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |