വെള്ളറട: 108 ആംബുലൻസ് ഡ്രൈവറെയും നഴ്സിനെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിലായി. ആനപ്പാറ കെ.ജി.എസ് ഭവനിൽ വിനീതാണ് (27) പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര താലൂക്കിൽ 108 ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. വെള്ളറടയിൽ നിന്ന് ആംബുലൻസ് സർവീസ് നടത്തിയില്ല.
വെള്ളറടയ്ക്കു സമീപം ആനപ്പാറയിൽ വച്ച് കഴിഞ്ഞദിവസം ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ ആംബുലൻസ് എത്താൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡ്രൈവർ അനൂപിനെയും നഴ്സ് ഷീന ക്രിസ്റ്റലിനെയും ആക്രമിച്ചത്. എന്നാൽ ആംബുലൻസിന്റെ കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടൻ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടുവെന്ന് ഡ്രൈവർ അനൂപ് പറഞ്ഞു.
12 ഓളം പേരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പിടിയിലായ പ്രതി വിനീതിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |