ഒരു മുട്ടക്കാർഡിന്റെ വില - 60 രൂപ
ഒരു ഹെക്ടർ നെൽകൃഷിക്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതിന്-250 രൂപ
പാലക്കാട്: ജില്ലയിൽ വേനൽ മഴ പെയ്തതോടെ പച്ചക്കറി, നെല്ല് ഉൾപ്പെടെയുള്ള കൃഷികളിൽ രൂക്ഷമാകുന്ന കീടബാധയെ ചെറുക്കാൻ മിത്രപ്രാണികളുമായി കൃഷിവകുപ്പ്. വെള്ളായണി കാർഷിക കോളേജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽ ഒരുക്കിയ മിത്രപ്രാണികളുടെ മുട്ടക്കാർഡാണ് (ട്രൈക്കോ കാർഡ്) കർഷകർക്ക് വിതരണം ചെയ്യുന്നത്. കൃഷിക്ക് ദോഷകരമായ കീടങ്ങൾക്കെതിരെയുള്ള ജൈവീക കീടനിയന്ത്രണോപാധിയായി മുട്ടക്കാർഡ് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് അധികൃതർ പറഞ്ഞു.
നെല്ലിലെ തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടി പുഴു, പച്ചക്കറികളിലും മറ്റുവിളകളിലും കാണുന്ന പുഴുവർഗ്ഗകീടങ്ങൾ എന്നിവയ്ക്കെതിരെയാണ് ഇവ പ്രവർത്തിക്കുക. ഒരു കാർഡിന് 60 രൂപയാണ് വില. ഒരു ഹെക്ടർ നെൽകൃഷിക്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതിന് 250 രൂപ ചെലവ് വരും. ആവശ്യമുള്ള കർഷകർ 9645136567, 9446378182 നമ്പറിൽ ബന്ധപ്പെടണം.
കൂടാതെ ഇടവേള കൂടിയ ടാപ്പിംഗ് രീതികൾ, യന്ത്രവത്കൃത ടാപ്പിംഗ് എന്നിവയിൽ റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻ.ഐ.ആർ.ടി) പരിശീലനം നൽകും. 28ന് കോട്ടയത്തുള്ള ഓഫീസിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0481- 2353127 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഉപയോഗരീതി
പത്തായി മുറിക്കാവുന്ന ട്രൈക്കോ കാർഡുകൾ അഞ്ച് സെന്റിന് ഒരുകഷ്ണം എന്ന നിരക്കിൽ (ട്രൈക്കോ ബിറ്റ്) വയലുകളിൽ സ്ഥാപിക്കാം. ഒരു കമ്പിന്റെ അറ്റത്ത് ഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് കപ്പിനുള്ളിൽ ട്രൈക്കോബിറ്റ് കോർത്ത് ഇടുക. ഇവ നെൽപരപ്പിന്റെ അതേനിരപ്പിൽ പാടത്ത് നാട്ടുക. അഞ്ച്- ആറ് ദിവസം കൂടുമ്പോൾ ബിറ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കണം. ഞാറ് പറിച്ച് നട്ട് 30 ദിവസം പ്രായമാകുന്നത് മുതൽ കതിരുകൾ മൂത്ത് തുടങ്ങുന്നത് വരെയുള്ള കാലയളവിൽ ഇവ മറ്റിസ്ഥാപിക്കണം. തണ്ടുതുരപ്പന്റെയോ ഓലചുരുട്ടിപുഴുവിന്റെയോ ശലഭങ്ങളുടെ സാന്നിധ്യം ഉറപ്പായിട്ടുള്ള പാടശേഖരങ്ങളിൽ മാത്രമേ കാർഡുകൾ ഉപയോഗിക്കാവൂ. രാസകീടനശിനിയോ കുമിൾനാശിനിയോ ഉപയോഗിക്കേണ്ടി വരുന്ന അവസരത്തിൽ രണ്ടാഴ്ച ഇടവേള നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |