കൊല്ലം: ട്രെയിൻ കോച്ചിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് റെയിൽവേ ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു. എ.സി മെക്കാനിക്കായ റാം പ്രസാദ് മീണയ്ക്കാണ് (29) എൺപത് ശതമാനത്തോളം പൊള്ളലേറ്റത്.
ഇന്നലെ രാവിലെ പത്തോടെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു അപകടം. മദ്രാസ് ഡിവിഷനിലെ ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശിയായ റാം പ്രസാദ് മീണ. രാവിലെ 7.15ന് കൊല്ലത്ത് എത്തിയ എഗ്മോർ - കൊല്ലം എക്സ്പ്രസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.സി മെക്കാനിക്കായിരുന്നു.
ട്രെയിനിലെ എ.സിയിൽ തകരാർ ശ്രദ്ധയിൽപ്പെട്ട റാംപ്രസാദ് നന്നാക്കാനായി മുകളിൽ കയറിയപ്പോൾ ലൈനിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് നിഗമനം. അതേസമയം അറ്റകുറ്റപ്പണിക്ക് ട്രെയിനിന് മുകളിൽ കയറുന്ന വിവരം സഹപ്രവർത്തകരെയും അധികൃതരെയും അറിയിച്ചില്ലെന്നും പറയുന്നു.
രാവിലെ 9.55ന് ഷോക്കേറ്റ മീണ ട്രെയിനിന്റെ മുകളിലേക്ക് വീണു. ഉടൻ റെയിൽവേ സ്റ്റേഷൻ അധികൃതർ അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു. മിനിറ്റുകൾക്കകം സേനയും ആംബുലൻസുമെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തെ ഇലക്ട്രിക് വയറിൽ തൂങ്ങിയ നിലയിൽ ഹെഡ്ഫോണും മൊബൈൽ ഫോണിന്റെ ഭാഗങ്ങളും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |