പാലാ. ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു. മാർ സ്ലീവാ മെഡിസിറ്റിയും പള്ളിയും കോളേജും സ്കൂളുകളും ഉൾപ്പെടെയുള്ളിടങ്ങളിലേക്കുള്ള യാത്രക്കാർ ഇതോടെ ദുരിതത്തിലായി, മീനച്ചിലാറിന് കുറുകെ ചേർപ്പുങ്കലിൽ പുതിയ പാലം നിർമ്മിച്ചുമില്ല, പഴയപാലത്തിന്റെ അപ്രോച്ച് റോഡ് ഇടിച്ചുകളയുകയും ചെയ്തു, പൊതുമരാമത്ത് വിഭാഗം.
പഴയ പാലത്തിലൂടെ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രമാണ് യാത്രാനുമതി. പാലത്തിന്റെ ഒരു വശത്തെ അപ്രോച്ച് റോഡ് അപകടകരമായ നിലയിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. പഴയ പാലവും ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണിപ്പോൾ ജനങ്ങൾ. പഴയപാലത്തോട് ചേർന്ന് പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടന മാമാങ്കങ്ങൾ പല തവണ കഴിഞ്ഞെങ്കിലും പാലം ഇപ്പോഴും തൂണിൽ ശേഷിക്കുകയാണ്.
പ്രതിഷേധം ഉയർന്നതിനെതുടർന്ന് അടുത്തകാലത്ത് പൊതുമരാമത്ത് മന്ത്രിതന്നെ നേരിട്ട് ഇടപെട്ട് പാലത്തിന്റെ പണികൾ പുനരാരംഭിച്ചിരുന്നു. ഒരുവശത്ത് അപ്രോച്ച് റോഡിനോട് ചേർന്നാണ് പുതിയ പാലത്തിന്റെ ബീമും സ്ലാബും വരുന്നത്. ഇത് നിർമ്മിക്കുന്നതിനായി അപ്രോച്ച് റോഡിനോട് ചേർന്ന് നീളത്തിൽ കുഴിയെടുത്തതാണിപ്പോൾ വിനയായത്. ഈ ഭാഗത്ത് റോഡ് അപകടകരമായ നിലയിൽ ഇടിഞ്ഞ് താണുതുടങ്ങി. ഇതോടെ ഇന്നലെ മുതൽ ഇതുവഴിയുള്ള ഗതാഗതം പി.ഡബ്ല്യു.ഡി. അധികൃതർ നിരോധിക്കുകയും ചെയ്തു.
വെള്ളിയാഴ്ചകളിൽ ചേർപ്പുങ്കൽ പള്ളിയിലേക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക്, ചേർപ്പുങ്കൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും ബി.വി.എം.കോളേജിലേക്കുമുളള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പോക്കുവരവ്, മാർ സ്ലീവാ മെഡിസിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് രോഗികളുമായി പാഞ്ഞെത്തുന്ന ആംബുലൻസ് ഉൾപ്പെടുയുള്ള നൂറുകണക്കിന് വാഹനങ്ങൾ.... പാലം അടച്ചതോടെ ഇവർക്കെല്ലാം കടുത്ത ദുരിതം ബാക്കിയായി.
പഴയപാലം അപകടത്തിൽ.
കാലവർഷം കലിതുള്ളിയെത്താനിരിക്കെ ചേർപ്പുങ്കൽ പാലത്തോട് ചേർന്ന് മണ്ണിടിഞ്ഞത് പഴയ പാലത്തിന്റെ നിലനില്പ്പിനെ ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആറുകവിഞ്ഞ് വെള്ളം വരുമ്പോൾ ഈ ഭാഗത്തെല്ലാം വെള്ളംകയറുന്നതാണ്. 1979 ൽ പണിത ചേർപ്പുങ്കൽ പാലത്തിന് വീതി കുറവുണ്ടെന്നതൊഴിച്ചാൽ കാര്യമായ ബലക്ഷയം ഉണ്ടായിരുന്നില്ല. മഴക്കാലത്ത് പുതിയ പാലം പണിയാൻ മണ്ണെടുത്ത അധികാരികളുടെ ബുദ്ധിശൂന്യതയാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.
ഇനി ഇതുവഴി പോകണം.
ചേർപ്പുങ്കൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ ഇനി മുത്തോലി ഹൈവേ ജംഗ്ഷനിൽ നിന്ന് മുത്തോലികടവ് ജംഗ്ഷൻ വഴി ചേർപ്പുങ്കൽ പള്ളി ഭാഗത്തേക്കും കുമ്മണ്ണൂരിൽ നിന്ന് ചെമ്പിളാവ് പാലം വഴി ചേർപ്പുങ്കൽ പള്ളി ഭാഗത്തേക്കും പോകാം.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി പറയുന്നു.
' ചേർപ്പുങ്കലിലെ പുതിയ പാലത്തിന്റെ ബീമുകളും സ്ലാബും നിർമ്മിക്കുന്നതിന് കുഴിയെടുത്തപ്പോഴാണ് പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞത്. ഇവിടെ നിർമ്മാണം പൂർത്തീകരിക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കും. അപ്രോച്ച് റോഡിന് എടുത്തിട്ട മണ്ണിനൊപ്പം ആറ്റുമണലുമുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങൾ പോകുമ്പോൾ ഈ മണ്ണ് ഇടിയുകയാണ്. ഇത് തുടർന്നാൽ പാലം തന്നെ അപകടാവസ്ഥയിലാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |