SignIn
Kerala Kaumudi Online
Sunday, 05 July 2020 3.27 PM IST

ആറുമാസത്തിനകം പിണറായി സർക്കാരിന്  വീണ്ടും അഗ്നിപരീക്ഷണം, ആറിടത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്, ബി.ജെ.പിക്ക് പുതു പ്രതീക്ഷ

election

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കനത്തതോൽവിയിൽ നിന്നും ഉയർത്തെഴുന്നേൽക്കണമെങ്കിൽ പിണറായി സർക്കാരിന് തൊട്ട് മുന്നിലെ ഒരു അഗ്നി പരീക്ഷ കൂടി നേരിടണം. സർക്കാരിന്റെ മൂന്നാം വാർഷികം പടിവാതിലെത്തിയപ്പോഴാണ് വൻഅടിയായി തിരഞ്ഞെടുപ്പ് ഫലം വന്നത്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെ ജനം വിലയിരുത്തിയതല്ലെന്നും കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്താതിരിക്കാൻ യു.ഡി.എഫിന് ഒന്നായി ജനം വോട്ട് ചെയ്തതാണെന്നുമുള്ള തൊടു ന്യായം ഉപതിരഞ്ഞെടുപ്പിൽ ഉയർത്താൻ സി.പി.എമ്മിനാവില്ല.


ആറുമാസത്തിനകം ആറിടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്, ഇതിൽ സംസ്ഥാനത്തു നിന്ന് പാർലമെന്റിലേക്കു മത്സരിച്ച് വിജയിച്ച മൂന്ന് യു.ഡി.എഫ് എം.എൽ.എമാരുടേയും ഒരു എൽ.ഡി.എഫ് എം.എൽ.എ.യുടേയും മണ്ഡലം ഉൾപ്പെടുന്നു. ഇത് കൂടാതെ കെ.എം..മാണിയുടെയും പി.ബി.അബ്ദുൾ റസാഖിന്റെയും നിര്യാണം മൂലം ഒഴിഞ്ഞു കിടക്കുന്ന പാലാ, മഞ്ചേശ്വരം സീറ്റുകളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറിടങ്ങളിൽ അഞ്ചും യു.ഡി.എഫ് കുത്തക സീറ്റുകളാണെന്നതാണ് എൽ.ഡി.എഫ് നേരിടുന്ന ഭീഷണി. ഇതു കൂടാതെ സമകാലീന സംഭവങ്ങളും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

വട്ടിയൂർക്കാവ്

കെ.മുരളീധരൻ വടകരയിൽ നിന്നും എം.പിയായി ജയിച്ചുകയറിയതോടെയാണ് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് വേദിയായത്. യു.ഡി.എഫിനൊപ്പം ബി.ജെ.പിയും ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണിത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടത്തിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫാണ് ഇവിടെ മുന്നിലെത്തിയത്. അതേ സമയം ഉപതിരഞ്ഞെടുപ്പിൽ കുമ്മനം ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയാൽ ബി.ജെ.പിക്ക് പ്രതീക്ഷയ്ക്കാൻ വക നൽകുന്നുമുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുള്ള വാർത്തകൾ പരക്കുന്നുണ്ട്. എങ്കിൽ വട്ടിയൂർക്കാവിൽ തീ പാറുന്ന മത്സരമാവും ഉണ്ടാവുക. സി.പി.എം കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞ മണ്ഡലമാണ് വട്ടിയൂർക്കാവ്.

election

കോന്നി
ഒരിയ്ക്കൽ ഇടത് കോട്ടയായിരുന്ന കോന്നിയുടെ ചുവപ്പ് നിറം മായ്ച്ചത് കോൺഗ്രസ് നേതാവായിരുന്ന അടൂർ പ്രകാശ് ആയിരുന്നു. ആദ്യ വിജയത്തിന് ശേഷം കോന്നി അടൂർ പ്രാകാശിനെ തോൽപ്പിച്ചിട്ടേയില്ല. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കോന്നിയിൽ നിന്ന് 2016 ൽ തുടർച്ചയായ അഞ്ചാം തവണയാണ് അടൂർ പ്രകാശ് നിയമസഭയിലെത്തിയത്.20,748 വോട്ടായിരുന്നു ഭൂരിപക്ഷം. സി.പി.എമ്മിലെ ആർ.സനൽകുമാറായിരുന്നു മുഖ്യ എതിരാളി. ഒരിയ്ക്കലും തോൽവി അറിഞ്ഞിട്ടില്ലാത്ത നേതാവെന്ന് കോന്നി നൽകിയ ബലത്തിന്റെ പേരിലാണ് അടൂർ പ്രകാശിനെ ഇടത് കോട്ടയായ ആറ്റിങ്ങലിലേക്ക് നിയോഗിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ആറ്റിങ്ങലിലും അടൂർപ്രകാശ് ജയം നേടി ഡൽഹിയിലേക്ക് പോകുന്നതോടെ കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി മാറിയിരിക്കുകയാണ്. ശബരിമല സമരവും പ്രളയവും ഒരുപോലെ ചർച്ചയാവുന്ന മണ്ഡലം കൂടിയാണ് കോന്നി. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വൻ തോതിൽ വോട്ടു സമാഹരിക്കുവാൻ കോന്നിയിലായിട്ടുണ്ട്. അതിനാൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ബലം പരീക്ഷിക്കുവാൻ പറ്റുന്ന മണ്ഡലമാണ് കോന്നി എന്നതിൽ തർക്കമേയില്ല.

election

ആലപ്പുഴ
സി.പി.എം കോട്ടയായ അരൂരിൽ കഴിഞ്ഞ തവണ ഹാട്രിക് വിജയം നേടിയ എ.എം.ആരിഫ് കോൺഗ്രസിലെ സി.ആർ.ജയപ്രകാശിനെ തോൽപ്പിച്ചത് 38,519 വോട്ടിന്റെ വൻ മാർജിനിലാണ്. പക്ഷേ, പാർലമെന്റിലേക്കു വിജയിച്ച ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരിൽ ഒന്നാമതെത്തിയത് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനാണ്.ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുന്ന ഘടകമാണ് ഇത്. ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനായി ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയാവും എന്ന് റിപ്പോർട്ടുകളുണ്ട്.

election

എറണാകുളം

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് കഴിഞ്ഞ തവണ കോൺഗ്രസിലെ ഹൈബി ഈഡൻ 21,947 വോട്ടിനാണ് സി..പി..എ മ്മിലെ എം.അനിൽകുമാറിനെ തോൽപ്പിച്ചത്. ഹൈബി ഈഡനുവേണ്ടി ലോക്സഭയിൽ മത്സരിക്കുവാനുള്ള അവസരം നഷ്ടമായ പ്രൊഫ. കെ.വി.തോമസിന് ഉപതിരഞ്ഞെടുപ്പിൽ അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.

മഞ്ചേശ്വരം, പാല

മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് മുസ്ലിംലീഗിലെ പി.ബി. അബ്ദുൾ റസാഖിനോട് ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ അടിയറവു പറഞ്ഞത്. യു.ഡി.എഫിന്റെ കുത്തക സീറ്റായ പാലായിൽ കഴിഞ്ഞ തവണ കെ.എം..മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായിരുന്നു. എൻ.സി.പിയിലെ മാണി സി. കാപ്പനായിരുന്നു മുഖ്യ എതിരാളി. ഇരു സിറ്റിങ്ങ് എം.എൽ.എമാരുടേയും നിര്യാണത്തെ തുടർന്നാണ് ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പിക്ക് ജയ സാദ്ധ്യത ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഉപതിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായി വരാനാണ് സാദ്ധ്യതയേറെയുള്ളത്. അതേ സമയം ഇരു മണ്ഡലങ്ങളിലും മരണപ്പെട്ട സിറ്റിംഗ് എം.എൽ.എമാരുടെ കുടുംബാംഗങ്ങൾ മത്സര രംഗത്തിറങ്ങിയാൽ രാഷ്ട്രീയ ചിത്രം മാറിയേക്കാം.

ആറ് നിയമസഭാ സീറ്റുകളിൽ കൈയിലുള്ള അഞ്ചെണ്ണവും നിലനിറുത്തുകയും എൽ.ഡി.എഫിൽ നിന്ന് ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്യുക യു.ഡി.എഫിനും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ കൈയിലുള്ളത് കാക്കുന്നതിനൊപ്പം യു.ഡി.എഫിന്റെ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുക എൽ.ഡി.എഫിനും, കുമ്മനം ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർക്കാവിലൂടെയെങ്കിലും വീണ്ടും നിയമസഭയിൽ താമര വിരിയിക്കുക ബി.ജെ.പിക്കും അഭിമാന പോരാട്ടമാകും. വിശേഷിച്ച്, അടുത്ത 18 മാസത്തിനകം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടു വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പിന് നൽകുന്ന സ്ഥാനം വളരെ വലുതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാവുക എൽ.ഡി.എഫിനാണെന്നത് എടുത്ത് പറയേണ്ടതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ELECTION, LOKSABHA ELECTION, ALAPPUZHA, VATTIYOORKAVU, MANJESWARAM, KONNI, ERANAKULAM, PALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.