പാലക്കാട്: പാലക്കാട്- നിലമ്പൂർ റൂട്ടിൽ കൊവിഡ് കാലത്ത് നിറുത്തിവെച്ച ട്രെയിൻ സർവീസ് പുന:രാരംഭിക്കുന്നു. പാലക്കാട് ജംഗ്ഷൻ- നിലമ്പൂർ പാസഞ്ചർ ട്രെയിനാണ് അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ (06471/ 06464) ട്രെയിനായി ഈ മാസം 20 മുതൽ സർവീസ് പുനരാരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്തതോടെ യാത്രക്കാരുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇതോടെ ഈ റൂട്ടിൽ അനുഭവപ്പെട്ട നീണ്ടകാലത്തെ യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.
ഇതോടൊപ്പം ഷൊർണൂർ- നിലമ്പൂർ റൂട്ടിൽ രണ്ടു സർവീസുകൾകൂടി പുന:രാരംഭിക്കുന്നുണ്ട്. ഇതോടെ ഷൊർണൂർ- നിലമ്പൂർ പാതയിൽ പത്തു സർവീസുകളാകും. പാലക്കാട് ജംഗ്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ 20 മുതൽ പുലർച്ചെ 5.55ന് പാലക്കാട് ജംഗ്ഷനിൽ നിന്നും പുറപ്പെട്ട് 8.50ന് നിലമ്പൂരിലെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പാലപ്പുറം സ്റ്റേഷനിലെ സ്റ്റോപ്പ് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
തിരിച്ചുള്ള നിലമ്പൂർ- പാലക്കാട് ട്രെയിൻ (06464) നിലമ്പൂരിൽ നിന്ന് വൈകീട്ട് 4.10ന് പുറപ്പെടും. രാത്രി 7.25ന് പാലക്കാട് ജംഗ്ഷനിൽ എത്തും. എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള ഷൊർണൂർ ജംഗ്ഷൻ- നിലമ്പൂർ (06465) ട്രെയിനിന്റെ സമയത്തിലും 20 മുതൽ മാറ്റം വരും. അതനുസരിച്ച് ട്രെയിൻ ഷൊർണൂരിൽ നിന്ന് ഉച്ചയ്ക്ക് 2.05നാകും പുറപ്പെടുക. 3.45ന് നിലമ്പൂരിലെത്തും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നിലമ്പൂർ റൂട്ടിൽ നിറുത്തിവെച്ച സർവീസുകളെല്ലാം പുന:സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |