SignIn
Kerala Kaumudi Online
Wednesday, 08 May 2024 4.30 AM IST

യു.ഡി.എഫ് മലയോര ഹർത്താൽ ഇന്ന് 'ബഫർ സോണിൽ' സ്തംഭിക്കും

1

കോഴിക്കോട് /പേരാമ്പ്ര: പരിസ്ഥിതി ലോല വിഷയത്തിൽ മലയോര കർഷകരെ ഇടതുസർക്കാർ വഞ്ചിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് ഇന്ന് നടത്തുന്ന ഹർത്താലിൽ മലയോരം സ്തംഭിക്കും. ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, തിരുവമ്പാടി, പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി എന്നീ മലയോര പഞ്ചായത്തുകളിലാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റ് പൊതു മേഖല സ്ഥാപനങ്ങൾ, ടാക്‌സി വാഹനങ്ങൾ തുടങ്ങി എല്ലാവരും ഹർത്താലിനോട് സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ തടയില്ല.

കുറ്റ്യാടി: മലയോര മേഖലയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നത്തിന്റെ ഭാഗമാണ് ഹർത്താലെന്ന് ചെയർമാൻ അഹമ്മദ് പുന്നക്കലും കൺവീനർ എ.സജീവനും പറഞ്ഞു. പരിസ്ഥിതി ലോല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ കാണിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. സുപ്രീംകോടതി വിധി മരവിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


ആശങ്കയകറ്റണമെന്ന് മലയോര ജനത
താമരശ്ശേരി: പരിസ്ഥിതിലോല മേഖല നിർണയിച്ചത് സംബന്ധിച്ച വിഷയത്തിൽ ഇന്ന് മലയോര മേഖലയിൽ ഹർത്താൽ നടക്കുമ്പോൾ അനിശ്ചിതത്വം തീരാതെ പ്രദേശവാസികൾ.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല (ഇ.എസ്.സെഡ്) നിർബന്ധമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കുറച്ചൊന്നുമല്ല മലയോര മേഖലയെ ആശങ്കയിലാഴ്ത്തുന്നത്. മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള കരട് വിജ്ഞാപനത്തിൽ പൂജ്യം മുതൽ 3.4 കിലോമീറ്റർ ചുറ്റളവായിരുന്നു പരിധിയെങ്കിൽ, പുതിയ ഉത്തരവിൽ കുറഞ്ഞത് ഒരു കിലോമീറ്റർ വിസ്തൃതി നിർബന്ധമാണ്. ഇതുവഴി 53.6 ചതുരശ്രകിലോമീറ്ററാണ് ബഫർസോണായി മാറുക. പൊതുതാത്പര്യം പരിഗണിച്ച് ദൂരപരിധിയിൽ ഇളവ് വരുത്താമെന്ന സുപ്രീംകോടതിയുടെ പരാമർശത്തിലും ജനവാസ മേഖലകളുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ കേന്ദ്രതലത്തിൽ നടത്തുന്ന ഇടപെടലുകളുടെ ഫലപ്രാപ്തിയിലും മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള വില്ലേജുകളിലെ പരിസ്ഥിതിലോല മേഖലയിൽ റിസർവ് വനഭാഗവും ജനവാസം കുറഞ്ഞ തോട്ടഭൂമികളുമാണെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോൾ, ഒട്ടേറെ ജനവാസമേഖലകളാണ് പരിസ്ഥിതിലോല മേഖലയിൽ വരുന്നതെന്നാണ് ജനം പറയുന്നത്. വനാതിർത്തികളോട് ചേർന്നുള്ള നഗരങ്ങളെയും നാട്ടിൻപുറങ്ങളെയും നിയന്ത്രണകുരുക്കിൽ കുടുക്കി പൂർണാധികാരമില്ലാത്ത സ്വന്തം ഭൂമിയിൽ നിന്ന് തങ്ങളെ കുടിയിറക്കാൻ നിർബന്ധിക്കുന്നതാണ് പുതിയ നിർദ്ദേശമെന്നാണ് ആക്ഷേപം.

മുൻ വിജ്ഞാപന പ്രകാരം കോഴിക്കോട് ജില്ലയിൽ ചെമ്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂർ, കട്ടിപ്പാറ എന്നീ വില്ലേജുകളാണ് മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നത്. ഇതിൽ കെടവൂർ ഒഴികെയുള്ള മറ്റ് വില്ലേജുകൾ പുതിയ ഉത്തരവ് പ്രകാരം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുമെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ ഇത്തരം ആശങ്കകൾ ഒഴിവാക്കി ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിൽ സംസ്ഥാന സർക്കാർ ശരിയായ രീതിയിൽ ഇടപെട്ട് മലയോര ജനതയുടെ ആശങ്ക അകറ്റുന്നില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് ഇവരുടെ പക്ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.