പാലക്കാട്: കാലവർഷം ശക്തമാകാത്തതിനെ തുടർന്ന് അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്ന് വിട്ടിട്ടും കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. കനാലുകളിൽ മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്നതിനാൽ ഒഴുക്കിന് തടസമാകുന്നതാണ് പലഭാഗത്തും വെള്ളം ലഭ്യമാകാത്തത്തിന്റെ കാരണം. ഇതുമൂലം അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പാടങ്ങളിൽ വെള്ളം എത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മഴ ഇല്ലാത്തതിനെ തുടർന്ന് മംഗലം, പോത്തുണ്ടി, മലമ്പുഴ ഡാമുകൾ തുറന്ന് കനാലുകളിലൂടെ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന കനാലുകളിൽ കാര്യമായ തടസങ്ങളില്ലെങ്കിലും വെള്ളം ഉപകനാലുകളിലേക്കും കാഡചാലുകളിലേക്കും എത്തുന്നതോടെയാണ് സ്ഥിതി മാറുന്നത്. ചപ്പുചവറുകളും മറ്റ് മാലിന്യവും കുമിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്ന സ്ഥിതിയാണ്. മുമ്പ് രണ്ടാം വിളയ്ക്ക് മുന്നോടിയായി ജലസേചന വകുപ്പാണ് കനാലുകൾ നന്നാക്കിയിരുന്നത്. എന്നാൽ ഇത്തവണ ഭൂരിഭാഗം കനാലുകളിലും വൃത്തിയാക്കൽ പ്രവർത്തനം നടന്നിട്ടില്ല.
സാധാരണ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കനാലുകൾ നവീകരിക്കാറുള്ളത്. നവീകരണം നടക്കാത്തതിനാൽ മിക്ക പ്രദേശങ്ങളിലും പ്രധാന കനാലുകളിൽ നിന്ന് ഉപകനാലുകൾ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടില്ല. പലയിടത്തും കർഷകരുടെ നേതൃത്വത്തിൽ കനാലുകൾ വൃത്തിയാക്കിയാണ് വെള്ളം പാടങ്ങളിലെത്തുന്നത്.
കനാലുകളിലെ മാലിന്യം നീക്കംചെയ്യാത്തതിനാൽ ബണ്ട് പൊട്ടിപോകാൻ ഇടയാക്കുമെന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്. സാധാരണ ജില്ലയിൽ ഒന്നാംവിള മഴയെ ആശ്രയിച്ചാണ് നടത്തിവരുന്നത്. രണ്ടാംവിളക്ക് മാത്രമാണ് അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടാറുള്ളത്. ഇതനുസരിച്ചാണ് ജലസേചന വകുപ്പ് ജലകലണ്ടർ തയ്യാറാക്കിയതെങ്കിലും മഴയില്ലാത്തതോടെ അതെല്ലാം അവതാളത്തിലായിരിക്കുകയാണ്.
വെള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും
കാലവർഷം ആരംഭിക്കാത്തപക്ഷം നിലവിൽ ഡാമുകളിൽ രണ്ടാംവിളയ്ക്ക് വെള്ളം നൽകുന്നതിനോടൊപ്പം കുടിവെള്ള വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ജലസേചന വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത്തരമൊരു സഹാചര്യത്തിലാണ് നിലവിൽ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടിട്ടും കർഷകർക്ക് ഉപകാരപ്രദമാകാതെ പാഴാകുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കനാലുകൾ ഉടൻ വൃത്തിയാക്കണമെന്നാണ് കർഷകരുടെയും കർഷക സംഘടനകളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |