ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം ശ്രീകൃഷ്ണഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ മുൻ കെ.ജി സ്കൂൾ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റി. അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ച പുതിയ വാദ്യകലാ വിദ്യാലയത്തിന്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മുഖ്യാതിഥിയായി.
പബ്ലിക്കേഷൻസ് അസി. മാനേജർ കെ.ജി. സുരേഷ് കുമാർ, വാദ്യകലാ വിദ്യാലയം പ്രിൻസിപ്പൽ ശിവദാസൻ വടശ്ശേരി, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്ട്രക്ടർ നളിൻ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കെ.ജി സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറിയതിനെ തുടർന്ന് കെ.ജി.സ്കൂൾ പ്രവർത്തിച്ചിരുന്ന മന്ദിരം അറ്റകുറ്റപണികൾ നടത്തി നവീകരിച്ച ശേഷമാണ് വാദ്യകലാ വിദ്യാലയം ഇവിടേക്ക് മാറ്റിയത്.
വാദ്യകലാ വിദ്യാലയം
ക്ഷേത്ര കലകളുടെ സംരക്ഷണത്തിനായി 1976 ലാണ് ദേവസ്വം വാദ്യകലാ വിദ്യാലയം സ്ഥാപിക്കുന്നത്. പുന്നത്തൂർ കോട്ടയിലായിരുന്നു ആദ്യ കളരി. പിന്നീട് മഞ്ചിറ റോഡിലെ മന്ദിരത്തിലേക്ക് മാറുകയായിരുന്നു. ചെണ്ട, തിമില,, മദ്ദളം, അഷ്ടപദി, കൊമ്പ്, നാഗസ്വരം, തവിൽ, കുറുംകുഴൽ എന്നീ വിഷയങ്ങൾക്കായി ആറ് കളരികൾ ഉണ്ട്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി കൂടുതൽ സൗകര്യങ്ങൾ ഇവിടെയുണ്ട്. പുതുതായി പ്രവേശനം കിട്ടിയവർ കൂടി എത്തുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണം 65 ആകും. മൂന്നു വർഷ കലാപഠനത്തിനൊപ്പം സ്കൂൾ വിദ്യാഭ്യാസവും നൽകി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |