തൃശൂർ : സാംസ്കാരിക തനിമ വിളിച്ചോതിയും സ്നേഹ ദീപം തെളിച്ചും പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ഇന്നലെ രാവിലെ മുതൽ കലാമത്സരങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും വൈകീട്ടാണ് ഔപചാരിക തുടക്കമായത്. ജില്ലയിലെ പഞ്ചായത്തുകൾ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സാംസ്കാരിക സംഘടനങ്ങൾ എന്നിവർ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. ഘോഷയാത്രയിൽ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, തെയ്യം, തിറ, പുലിക്കളി തുടങ്ങിയ വേഷങ്ങൾ ഒന്നിച്ച് അണിനിരന്നു.
വർണാഭമായ പൂക്കാവടികളും മുത്തുക്കുടകളും വിവിധ ആശയങ്ങൾ പങ്കുവയ്ക്കുന്ന നിശ്ചലദൃശ്യങ്ങൾക്കൊപ്പം ഘോഷയാത്രയ്ക്ക് പകിട്ടേകി. തുടർന്ന് തേക്കിൻകാട് മൈതാനിയിൽ നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ, ജില്ലാ കളക്ടർ ഹരിത വി.കുമാർ , എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി.ടൈസൺ, മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രൻ, എൻ.കെ.അക്ബർ, പി.ബാലചന്ദ്രൻ, വി.ആർ.സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കെ.വി.നഫീസ, സംവിധായകൻ സത്യൻ അന്തിക്കാട്, കലാമണ്ഡലം ഗോപിയാശാൻ, പെരുവനം കുട്ടൻമാർ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഹരിശ്രീ അശോകൻ, ഡോ.ഐ.എം.വിജയൻ, ടി.ജി.രവി, ഗായകൻ അനൂപ് ശങ്കർ, രേണു രാജ് , കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, അംഗം എ.ജി.നാരായണൻ എന്നിവർ ചേർന്ന് സ്നേഹ ദീപം തെളിച്ചു. ശേഷം ഫോക് ലോർ അക്കാഡമി അവതരിപ്പിച്ച നാടൻ പാട്ടും ഉണ്ടായി.
വേദികളിൽ ഇന്ന്
തേക്കിൻകാട് മൈതാനി (വേദി 1): മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, മൈം
ടൗൺ ഹാൾ (വേദി 2): മാപ്പിളപ്പാട്ട്, ഒപ്പന
റീജ്യണൽ തിയേറ്റർ (വേദി 3): നാടകം
സി.എം.എസ്.എച്ച്.എസ്.എസ് മിനി ഓഡിറ്റോറിയം (വേദി 4) : തബല, മൃദംഗം, ഗിറ്റാർ, വയലിൻ കർണാടിക്, വയലിൻ വെസ്റ്റേൺ
സി.എം.എസ്.എച്ച്.എസ്.എസ് (വേദി 5): രചനാമത്സരം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ.
അനുഭവ സമ്പത്തിന്റെ പദവിന്യാസത്തിൽ റോമി
തൃശൂർ : പരിചയസമ്പത്തിന്റെ കരുത്തിൽ വേദികൾ കീഴടക്കാനൊരുങ്ങി റോമി. ഒമ്പത് ഇനങ്ങളിൽ മത്സരിക്കുന്ന തൃശൂർ കളക്ടറേറ്റ് ജീവനക്കാരി റോമി ചന്ദ്രമോഹനൻ ആദ്യ ഇനമായ ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മികവ് തെളിയിച്ചത്. വ്യക്തിഗത ഇനത്തിൽ മോഹിനിയാട്ടം, മോണോആക്ട്, മിമിക്രി, മൃദംഗം എന്നീ മത്സരങ്ങളിലും ഗ്രൂപ്പ് ഇനത്തിൽ സംഘനൃത്തം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, മൈം, നാടകം എന്നിവയിലും റോമി പങ്കെടുക്കുന്നുണ്ട്. ഭരതനാട്യത്തിൽ ശ്രുതി നൃത്തപ്രിയ, ആർ.എൽ.വി ആനന്ദ് എന്നിവരാണ് ഗുരുക്കന്മാർ. അവരുടെ മാർഗനിർദ്ദേശങ്ങളും അനുഗ്രഹവുമാണ് തന്റെ വിജയങ്ങൾക്ക് കാരണമെന്നും മുന്നോട്ടുള്ള മത്സരങ്ങൾക്ക് ഈ വിജയം വലിയ പ്രചോദനമാണെന്നും റോമി പറയുന്നു.
തൃശൂർ മുന്നിൽ
തൃശൂർ : സംസ്ഥാന റവന്യൂ കലോത്സവത്തിൽ 55 പോയന്റുമായി തൃശൂർ മുന്നിൽ. 32 പോയന്റ് വീതമുള്ള എറണാകുളം, കോഴിക്കോട് ജില്ലകളാണ് രണ്ടാമത്. 29 പോയന്റുമായി കൊല്ലം, കോട്ടയം ജില്ലകൾ മൂന്നാം സ്ഥാനത്തുണ്ട്. കണ്ണൂർ ( 28), കാസർകോട് (25), ആലപ്പുഴ (23), ഇടുക്കി( 23 ), വയനാട് (20), തിരുവനന്തപുരം (18), പാലക്കാട് (18), പത്തനംതിട്ട (15) , മലപ്പുറം (15), ഹെഡ്ക്വാർട്ടേഴ്സ് (8) എന്നിങ്ങനെയാണ് പോയിന്റ് നില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |