പാലക്കാട്: ജില്ലയിൽ പേവിഷബാധ പ്രതിരോധം ലക്ഷ്യമിട്ട് ബോധത്കരണം നൽകുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പേവിഷബാധയെ തുടർന്ന് ജില്ലയിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിനി മരിച്ച സാഹചര്യത്തിൽ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ച് പേവിഷബാധ പ്രതിരോധത്തിൽ ബോധവത്കരണം നടത്തുന്നതിന് തീരുമാനമായി. വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും പൊതുഇടങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവ് നായ്ക്കൾ പെരുകാനിടവരുത്തുന്നതിനാൽ അത് ഒഴിവാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായി ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
നായകളുടെ വന്ധ്യകരണം, തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പ് എന്നിവയെ കുറിച്ചും യോഗത്തിൽ ചർച്ചചെയ്തു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഡി.എം.ഒ കെ.പി.റീത്ത, അനിമൽ ഹസ്ബന്ററി ജില്ലാ ഓഫീസർ ഡോ.പത്മജ, മൃഗസംരക്ഷണം, ആരോഗ്യം, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പേവിഷബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗം
തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. പേവിഷബാധയുളള മൃഗങ്ങൾ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേൽക്കുന്നത്. 99% പേവിഷബാധയും ഉണ്ടാകുന്നത് നായകൾ മുഖേനയാണ്. വളർത്ത് മൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാൻ, കുരങ്ങ്, പോലുള്ള വന്യമൃഗങ്ങളിൽ നിന്നും പേവിഷബാധയുണ്ടാകാം. രോഗപ്രതിരോധ കുത്തിവെയ്പ്പിലൂടെ ഈ രോഗത്തെ പൂർണമായും തടയാവുന്നതാണ്. മൃഗങ്ങളിൽ നിന്നും പകരുന്നതിനാൽ എല്ലാ വളർത്തും നായ്ക്കളെയും പൂച്ചകളെയും രോഗപ്രതിരോധത്തിന് വിധേയമാക്കി ലൈസൻസ് എടുക്കുന്നതു വഴി ഒരു പരിധിവരെ രോഗം പകരുന്നത് തടയാം.
ലക്ഷണങ്ങൾ
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോൾ അത് ഒരാഴ്ച മുതൽ ഒരു വർഷം വരെ ആകാം. മൃഗങ്ങൾ നക്കുകയോ, മാന്തുകയോ കടിക്കുകയോ ചെയ്താൽ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90% വരെ കുറയ്ക്കും.
പ്രതിരോധിക്കാം
വളർത്തുമൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. നായകൾ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്സിനും നൽകണം. മൃഗങ്ങളോട് കുരുതലോടെ ഇടപെടുക. ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്. മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. കടിയേറ്റാൽ ഉടനെയും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |