കടയ്ക്കാവൂർ: നടപ്പാത ഇല്ലാത്ത റോഡ് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. കടയ്ക്കാവൂർ വർക്കല റോഡിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര മുതൽ നെടുങ്ങണ്ട വരെയാണ് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ നടപ്പാത ഇല്ലാത്തത്. അനവധി സർവീസ് ബസുകളും മറ്റു വാഹനങ്ങളും കൊണ്ട് വളരെ തിരക്കേറിയ റോഡാണിത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപാത കുറ്റിക്കാടുകൾ വളർന്ന് കയറിയാണ് നടപ്പാത ഇല്ലാതായത്. ഈ റോഡിൽ ദൈവത്തിൻവാതുക്കൽ ഭാഗത്താണ് പമ്പ് ഹൗസ്, കൃഷിഭവൻ, മൃഗാശുപത്രി, അങ്കണവാടി, മത്സ്യചന്ത എന്നിവ പ്രവർത്തിക്കുന്നത്. അതിനാൽ നിരവധി കാൽനടയാത്രക്കാരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.
റോഡിൽ ചെറിയ വളവുള്ള ഭാഗത്ത് അമിത വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. രണ്ട് വാഹനങ്ങൾ പരസ്പരം കടന്നു പോകുമ്പോൾ പലപ്പോഴും കാൽനടയാത്രക്കാർ കഷ്ടിച്ചാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാട് വെട്ടിച്ച് നടപ്പാത വൃത്തിയാക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. കാട് വെട്ടിത്തെളിയിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |