തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്സ് കഴിയുമ്പോൾ തൊഴിൽ പ്രാവീണ്യം കൂടി വിദ്യാർത്ഥികളിൽ വളർത്തണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്റി കെ. ടി. ജലീൽ പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും വ്യവസായ പ്രമുഖരുടേയും ശില്പശാല - ബ്രിഡ്ജ്-2019 - ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലാസിലെ ബിരുദത്തിൽ കാര്യമില്ല. നൈപുണ്യവും ആർജിക്കണം. അതില്ലാത്തതിനാലാണ് തൊഴിൽ മേഖലയിൽ വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നത്. സംരംഭങ്ങൾ തുടങ്ങാനുള്ള ധൈര്യം അവർക്കില്ല. കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. എൻജിനിയറിംഗ് കോളേജുകൾക്ക് അതത് സ്ഥലത്തെ ആവശ്യങ്ങൾ നിറവേറ്റാനാകണം. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തണം. എൻജിനിയറിംഗ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ക്ലാർക്ക് ജോലി ചെയ്യുന്നു. തൊഴിൽ അന്വേഷകരായല്ല തൊഴിൽ ദാതാക്കളായി യുവാക്കളെ മാറ്റണമെന്നും മന്ത്റി പറഞ്ഞു.
ബിരുദ ബിരുദാനന്തര, എൻജിനിയറിംഗ്, പോളിടെക്നിക് വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യം നൽകാൻ അസാപ് ഇന്റേൺഷിപ്പ് പോർട്ടലിനും തുടക്കം കുറിച്ചു. ഫോർത്ത് ആംബിറ്റ് എന്ന സ്ഥാപനത്തിനാണ് ചുമതല. ഇന്റേൺഷിപ്പിന് അവസരമുള്ള വ്യവസായ ശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ ലഭ്യമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താം.
ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.