പഴയങ്ങാടി:മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്തെ പഴയങ്ങാടി പുഴയിൽ ഫ്ലോട്ടിംഗ് റെസ്റ്റാറന്റിന്റെ പ്രവൃത്തി ആരംഭിച്ചു.എം.വിജിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി. ആഗസ്റ്റ് 15 നകം അടിസ്ഥാന നിർമ്മിതികൾ പൂർത്തിയാകുകന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ 'കെൽ നിർവഹണ ഏജൻസിയായി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന് സമീപത്തായി ബോട്ട് റെയ്സ് ഗാലറിയുടെയും നിർമ്മാണം ഉടൻ ആരംഭിക്കും. ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക് എന്നിവയോടൊപ്പം ഭക്ഷണനൗക വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഇതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി പഴയങ്ങാടി മാറും. കെൽ പ്രതിനിധികളായ വി മധുസുദനൻ, എം.വി.നിധിൻ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
നിവർത്തിനിർത്തും എച്ച്.ഡി.പോളി എത്തിലീൻ ക്യൂബുകൾ
ഹൈഡൻസിറ്റി പോളി എത്തിലീൻ എന്ന സംയുക്തം ഉപയോഗിച്ചാണ് തറ നിർമ്മിക്കുന്നത്. പരസ്പരം കൂട്ടിയോജിപ്പിക്കാവുന്ന 1100 അധികം എച്ച്.ഡി.പോളി എത്തിലീൻ ക്യൂബുകളാണ് 3000 ചതുരശ്ര അടി വരുന്ന ജലോപരിതല ഭക്ഷണശാലയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. എഴുപതു മുതൽ 80 വരെ ആളുകൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. വിശലമായ അടുക്കള ഭക്ഷണശാലയുടെ ഭാഗമാവും. ഭക്ഷണശാലയും നടപാതയും പൂർണ്ണമായും കൈവരികളാൽ സുരക്ഷിതമാക്കും. കരയിൽ നിന്നും 2 മീറ്റർ വീതിയിലും 9 മീറ്റർ നീളത്തിലും നിർമ്മിക്കുന്ന നൗകയിൽ ഒരെ സമയം അകത്ത് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള വഴിയും ഉണ്ടാകും.ഭക്ഷണശാലയുടെ മേൽ കുര പോളികാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ച് ആകർഷകമായി നിർമ്മിക്കും.
പടം:പഴയങ്ങാടി പുഴയിൽ നിർമ്മിക്കുന്ന ഫ്ലോട്ടിംഗ് റെസ്റ്റാറന്റിന്റെ പ്രവർത്തി ആരംഭിച്ചപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |