തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി ബാങ്ക് ജീവനക്കാർ ഐ.എം.എയുമായി ചേർന്ന് പൂങ്കുന്നത്തെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ രക്തദാന ക്യാമ്പ് നടത്തി. ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ നടന്ന രക്തദാനക്യാമ്പിൽ 113 പേർ പങ്കെടുത്തു. ധനലക്ഷ്മി ബാങ്ക് ജനറൽ മാനേജർ എൽ.ചന്ദ്രൻ ആദ്യ രക്തദാതാവായി. ഈ ഒരു ഉദ്യമത്തിന് ഐ.എം.എയുടെ സ്നേഹോപഹാരം ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ജെ.കെ.ശിവൻ സ്വീകരിച്ചു. പങ്കെടുത്തവരെ ഐ.എം.എ സാക്ഷ്യപത്രം നൽകി ആദരിച്ചു.
പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസ്
തൃശൂർ: പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസ് ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 11ന് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അത് ലറ്റിക്സ്, ബാഡ്മിന്റൺ, സ്വിമ്മിംഗ്, ഷൂട്ടിംഗ്, പവർലിഫ്റ്റിംഗ് എന്നീ മത്സര ഇനങ്ങളിൽ വിവിധ വയസ് വിഭാഗങ്ങളായി വീൽച്ചെയറിൽ ഇരിക്കുന്നവരും മറ്റ് തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവരുമായ നാൽപ്പതിലേറെ കായികതാരങ്ങൾ ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി, കർണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നീ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുക്കും. തോപ്പ് സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ്, വിമല ഇന്റർനാഷണൽ അക്കാഡമി എന്നിവിടങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ കരീം പന്നിത്തടം, അൻവർ നാലകത്ത്, എ.എം.കിഷോർ, പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |